മംഗളൂരു - മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പോലീസ് വെടിയേറ്റു മരിച്ച മംഗലാപുരത്തെ നിഷിൻ, അബ്ദുൽ ജലീൽ എന്നിവരുടെ വീടുകളിലാണ് ലീഗ് നേതാക്കൾ എത്തിയത്. രാജ്യത്തെ ജനങ്ങളെ രണ്ടായി തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സന്ദർശനത്തിനു ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമരക്കാർക്കു നേരെ വെടിയുതിർക്കുക, നഗരങ്ങളിൽ 144 പ്രഖ്യാപിക്കുക, കർഫ്യൂ ഏർപ്പെടുത്തുക, മാധ്യമ പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്യുക, കരുതൽ തടങ്കലിൽ വെക്കുക തുടങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളാണ് സർക്കാർ പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കുന്നത്.
എതിർശബ്ദങ്ങളെ സഹിഷ്ണുതയോടെ കേൾക്കുക എന്നുള്ളതാണ് ജനാധിപത്യത്തിന്റെ മര്യാദ. അതിന്റെ സകല സീമകളും ലംഘിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ വരും ദിവസങ്ങളിൽ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, എം.സി ഖമറുദ്ദീൻ എം.എൽ.എ, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.