Sorry, you need to enable JavaScript to visit this website.

1700 കിലോമീറ്റര്‍ 'നടത്തം' വെച്ചുകൊടുത്ത് ഒരു കടുവ

പൂനെ-വന്യജീവികളെക്കുറിച്ച് പഠിക്കുകയും, നിരീക്ഷിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ ഇപ്പോള്‍ ആകാംക്ഷയുടെ നിമിഷങ്ങളാണ്. ഒരാളുടെ സുദീര്‍ഘമായ യാത്രയാണ് ഈ ആകാംക്ഷയ്ക്ക് പിന്നില്‍. ആള്‍ ആരാണെന്നല്ലേ, ഒരു കടുവ. വിദര്‍ഭയിലെ യവാത്മാള്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തിപ്പേശ്വര്‍ വന്യജീവി സങ്കേതത്തില്‍ നിന്നുള്ള റേഡിയോ കോളര്‍ നല്‍കിയിട്ടുള്ള കടുവയുടെ നടത്തമാണ് വന്യജീവി നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.
ജൂണില്‍ ആരംഭിച്ച് ഏഴ് മാസം പിന്നിടുന്ന നടത്തത്തില്‍ ഇതിനകം 1700 കിലോമീറ്റര്‍ സഞ്ചരിച്ച് കഴിഞ്ഞു ഈ കടുവ. ഇന്ത്യയില്‍ ഇതുവരെ അറിവുള്ള ഒരു കടുവയുടെ ഏറ്റവും ദൂരംകൂടിയ യാത്രയാണിത്. തിപ്പേശ്വര്‍ വന്യജീവി സങ്കേതത്തിന്റെ ചുമതലയുള്ള പെഞ്ച് ടൈഗര്‍ റിസര്‍വ്വ് ഫീല്‍ഡ് ഡയറക്ടര്‍ രവികിരണ്‍ ഗോവേകറാണ് ടിഡബ്യുഎല്‍എസ്ടി1സി1 എന്ന നമ്പറുള്ള കടുവ അജന്ത വരെയുള്ള യാത്രയില്‍ 1500 കിലോമീറ്റര്‍ സഞ്ചരിച്ചതായി വ്യക്തമാക്കിയത്. ദ്യാന്‍ഗംഗയിലേക്ക് മടങ്ങിവന്ന ശേഷം ആ ദൂരം 1700 കിലോമീറ്ററിലേക്ക് എത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര മുതല്‍ തെലങ്കാന വരെയുള്ള എട്ട് ജില്ലകളിലൂടെയാണ് കടുവ അങ്ങോട്ടും ഇങ്ങോട്ടും നടന്നത്. ഇടയ്ക്ക് മനുഷ്യസഹവാസമുള്ള മേഖലയിലേക്കും എത്തി. മറാത്ത്‌വാഡയിലെ ഹിങ്കോളി ജില്ലയില്‍ ഒരു കൂട്ടം ആളുകളെ ഭയപ്പെടുത്തിയതല്ലാതെ ആരെയും അപകടപ്പെടുത്താന്‍ അത് ശ്രമിച്ചില്ല. ദ്യാന്‍ഗംഗയിലേക്ക് എത്തിയ ആദ്യ കടുവയാണ് ഇത്. ഭക്ഷണം, സുരക്ഷ, ഇണ എന്നിവയെ തേടിയാണ് കടുവ ഈ ദൂരം യാത്ര ചെയ്തതെന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. പലയിടത്തും ഭക്ഷണവും താമസവും ലഭിച്ചെങ്കിലും ഇവിടെയൊന്നും അത് തുടര്‍ന്ന് താമസിച്ചില്ല.അതുകൊണ്ട് തന്നെ ഇണയെ തേടിയാകും ഈ യാത്രയെന്നാണ് വന്യജീവി അധികൃതരുടെ പ്രതീക്ഷ. ഇനിയും ആളെ കിട്ടാത്ത സാഹചര്യത്തില്‍ കടുവയുടെ യാത്ര തുടരുമെന്ന് ഇവര്‍ കരുതുന്നു.

Latest News