നേരം തെറ്റിയ ഋതുക്കളുടെ പരിക്രമണത്തിൽ തന്റെ പ്രണയത്തെ വീണ്ടും കണ്ടുമുട്ടിയപ്പോഴായിരുന്നു ഇടവേളകളുടെ സൗന്ദര്യം ആദ്യമായി ആസ്വദിച്ചത്. കണ്ണും കാതും കൊടുത്ത പ്രാണനിൽ കത്തിയ പ്രണയത്തെ കട്ടുകൊണ്ടു പോയ കാലത്തെ നോക്കി പരിതപിക്കുമ്പോഴും ജീവിത യാത്രക്ക് സമാന്തരമായി സ്വപ്‌നങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി ഓടിക്കൊണ്ടിരിക്കുമ്പോഴും ഇനിയൊരു ഇടവേളകൾ തിരശ്ശീലക്കു പിന്നിലെന്ന പോലെ വന്നെത്തി നോക്കുമെന്ന് സ്വപ്‌നേപി കരുതിയിട്ടില്ലായിരുന്നു.
'വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന വസന്തം പോലെ ഇടവേളകളുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചുകൊണ്ട് പ്രാണൻ വീണ്ടും ദേഹത്തോട് ചേർന്നിരിക്കുന്നു..'.
വർഷങ്ങളുടെ വ്യത്യാസത്തിൽ തന്റെ പ്രണേതാവിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഡയറിയിൽ ഇപ്രകാരം എഴുതിച്ചേർക്കപ്പെട്ടിരുന്നു.
കാലം തെറ്റി വന്ന ഒരു കർക്കടകത്തിന്റെ ആലസ്യത്തിലായിരുന്നു അനിവാര്യമായ ആ പടിയിറക്കം. പ്രതീക്ഷയും പ്രണയവും യാഥാർഥ്യത്തിന് വഴിമാറുമ്പോൾ കൂട്ടിന് രാത്രിമഴ പതിവായിരുന്നു.
അവസാനം നമ്മൾ കണ്ടുമുട്ടിയ പാതകൾ രണ്ടായി പിരിയുന്നിടത്ത് അന്നും കാട്ടുചെമ്പകം പൂത്തുനിൽക്കുകയും
ഞെട്ടറ്റു വീണൊരു പൂവ് കൈയിലെടുത്ത് നീയെനിക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. നേർത്തു ചാറിയ മഴക്കൊപ്പം ഒരു മിന്നലും ഇടിനാദവും നിന്റെ വാക്കുകളെ രണ്ടായി മുറിക്കുകയും എന്റെ കണ്ണിലെ കാർമേഘങ്ങൾ ഇരുട്ട് പടർത്തുകയും ചെയ്തിരുന്നു.
സൂക്ഷിച്ചുവെച്ച കാട്ടുചെമ്പകത്തിന്റെ ഇതളുകൾ ഉണങ്ങിയടർന്നു വീഴുമ്പോഴേക്കും മറ്റൊരു തോട്ടത്തിലേക്ക് കാട്ടുചെമ്പകവും പറിച്ചു നടപ്പെട്ടിരുന്നു.
ഡയറിയിലെ വാക്കുകൾക്ക് കനമേറുന്നതും ഹൃദയത്തെ തൊട്ടുതടവിക്കൊണ്ട് കണ്ണിൽ ഒരു മഴക്കാലം പിറവിയെടുക്കുന്നതും പലപ്പോഴും കണ്ടില്ലെന്ന് നടിച്ചു.
വിരസമായ പകലുകളെ തള്ളിനീക്കുന്നതിനായി അകലെയുള്ള കടൽതീരത്തു വന്ന് മണൽത്തരികളെ തലോടുന്ന തിരമാലകളെ നോക്കിയിരിക്കുക പതിവായിരുന്നു.
അങ്ങനെയുള്ള ഒരു സായാഹ്നത്തിലാണ് വർഷങ്ങൾക്കപ്പുറം തന്റെ ദേഹത്തു നിന്നും അടർത്തിയെടുത്ത പ്രണയത്തെ വീണ്ടും കണ്ടുമുട്ടുന്നത്. ഓർമകളുടെ വേലിയേറ്റത്തിൽ ഒന്നും സംസാരിക്കാനാവാതെ പകച്ചുപോയതും
സുഖമാണോ.. എന്ന ഒറ്റ ചോദ്യത്തിൽ ഒരായിരം തിരമാലകൾ വീണ്ടും ഹൃദയ ഭിത്തികളിൽ തട്ടിച്ചിതറിയിരുന്നതും ഒരു പുലർകാല സ്വപ്‌നം പോലെയായിരുന്നു അനുഭവപ്പെട്ടത്.
ഓമനത്തം തോന്നുന്ന രണ്ടു കുഞ്ഞുങ്ങളുടെ കൈപിടിച്ചു നനഞ്ഞ സൈകതപ്പരപ്പിലൂടെ നീ നടന്നു മറയുന്നത് കൺമറയുവോളം നോക്കിനിൽക്കുമ്പോൾ ആർത്തലച്ചു വന്ന ഒരു തിരമാല എന്റെ കാലുകളെ മാത്രമല്ല ദേഹവും മനസ്സും കൂടി നനച്ചിരുന്നു. ഉള്ളിലെരിയുന്ന തീക്കനലിനെ തണുപ്പിക്കുന്നതിന് വേണ്ടി മുഖ പുസ്തകത്തിൽ എപ്പോഴോ കുറിച്ചിട്ടിടത്തേക്കാണ് അപ്പോൾ മനസ്സ് പെയ്തിറങ്ങിയത്.
'നീ കണ്ണിൽ നിന്ന് മറയുവോളം നോക്കിനിന്നു... എന്റെ ദേഹത്തു നിന്നും പ്രാണൻ വേർപെടുന്നു എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ ശ്രമിച്ചു'..
ഉറക്കം വരാത്ത അന്നത്തെ രാത്രിയിലും എന്റെ ഡയറിയിൽ അക്ഷരങ്ങൾ വീർപ്പുമുട്ടി പിടഞ്ഞു.
ഏത് മണ്ണടരിലായാലും തേടിയെത്തുമെന്ന സന്ദേശത്തിന്റെ ഉള്ളുണർച്ചയിൽ കാലങ്ങൾ കാത്തിരിക്കാമായിരുന്നു എന്ന് പലപ്പോഴും മനസ്സ് സംസാരിക്കാറുണ്ടായിരുന്നു. മൗനത്തിന്റെ മൂടുപടമണിഞ്ഞ് വികാര വിചാരങ്ങളെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് അടക്കം ചെയ്യപ്പെടുമ്പോൾ ഉറക്കമില്ലാത്ത രാത്രിയുടെ കൊഴിഞ്ഞടർന്ന വള്ളിപ്പടർപ്പുകളിൽ മനസ്സ് കൊളുത്തി വലിക്കുമായിരുന്നു. ഉത്തരം വേണ്ടാത്ത ചോദ്യങ്ങൾ അപ്പോഴും ഉള്ളിൽ സംവദിച്ചുകൊണ്ടിരുന്നു. 'കാലഭേദങ്ങളില്ലാത്ത അതിർത്തികളിൽ അകലം വരച്ചത് ആര്..? എന്തിന്..?'.
- സുഹൃത്തേ… എന്തിനാണ് പഴയ സ്മൃതിഭാണ്ഡങ്ങളുടെ വേരുകൾ ചികയുന്നത്?
കാലം സമ്മാനിച്ച മുറിവുകൾ തുന്നിക്കൂട്ടാൻ ഇനി ഏത് നൂലിഴകൾക്കാണ് കഴിയുക..?
ഒരിക്കലും തിരിച്ചു വരാത്ത യൗവനത്തിന്റെ മുൾപടർപ്പുകളിൽ നാം നട്ട ചെടികൾ പുഷ്പിക്കാറില്ലെന്നും ഹൃദയം വരച്ചിട്ട കടലാസു പൂക്കളിൽ ഗന്ധമില്ലെന്നും ഒരിക്കലും മനസ്സ് സമ്മതിച്ചു തന്നിരുന്നില്ല.
പറയാനുള്ളതും കേൾക്കാനുള്ളതും പലരുടെയും സ്മൃതിപഥത്തിൽ നിന്നും അപ്രത്യക്ഷമാകുമ്പോൾ
നീ സമ്മാനിച്ച ഓരോ നിമിഷവും ഞാൻ ഓർമകളുടെ പട്ടുറുമാലിൽ പൊതിഞ്ഞു വെച്ചു. ഇടക്കിടെ പുറത്തെടുത്തു മിനുക്കിവെച്ചു.
അതുകൊണ്ടായിരിക്കും ആകസ്മികമായ കണ്ടുമുട്ടലിൽ മനസ്സ് വീണ്ടും അസ്വസ്ഥമാകുന്നത്.
നഷ്ടസ്മൃതികളുടെ നീർച്ചുഴിയിൽ മനസ്സ് പിടക്കുമ്പോൾ എഴുതിവെക്കാൻ എന്റെ പേന തിടുക്കം കൂട്ടിക്കൊണ്ടിരുന്നു..
'അതെ മൗനത്തിന്റെ വാൽമീകത്തിൽ ഞാൻ കാത്തിരിക്കുന്ന ഇടവേളകളിലാണ് നീ കൂടുതൽ മനോഹരമാക്കപ്പെടുന്നതും നമ്മുടെ പ്രണയം പുഷ്പിക്കുന്നതും...
മഷിക്കൂട്ടുകളിൽ മുങ്ങിനിവർന്ന വാക്കുകൾ ഡയറിയിൽ പുനർജനിച്ചുകൊണ്ടിരുന്നു.