ലഖ്‌നൗ- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ യൂത്ത്‌ലീഗ് നേതാവും. ഉത്തർപ്രദേശിലെ കാൺപൂർ നിയോജക മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി അഫ്താബ് ആലം ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ആസൂത്രിതമായി നടത്തിയ വെടിവെപ്പിലാണ് അഫ്താബ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് ഇന്റർനെറ്റ് മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചതിനാൽ വിവരം പുറത്തറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച യൂത്ത്‌ലീഗ്എം.എസ്.എഫ് വസ്തുതാന്വേഷണ സംഘമാണ് മരണവാർത്ത പുറത്തെത്തിച്ചത്. എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലിയുടെ നേതൃത്വത്തിലുള്ള സംഘം അഫ്താബിന്റെ വീട് സന്ദർശിച്ചു. യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസൽ ബാബു, സജ്ജാദ് അക്തർ (ബീഹാർ), എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ദീൻ നദ്‌വി, മതീൻഖാൻ, അതീഖ് കാൺപൂർ, ശാരിഖ് അൻസാരി, ഖുമൈൽ , ഇർഫാൻ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.