റാഞ്ചി- ബിജെപിക്ക് ഭരണം നഷ്ടമായ ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷന്‍ ഹേമന്ദ് സോറന്‍ സത്യപ്രതിജ്ഞ ചെയ്യും. 81 അംഗ നിയമസഭയില്‍ 47 സീറ്റിന്റെ ശക്തമായ ഭൂരിപക്ഷത്തോടെയാണ് മഹാസഖ്യം അധികാരം പിടിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ കരുത്ത് പ്രകടമാക്കുന്ന മറ്റൊരു ചടങ്ങായി മാറും. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇവര്‍ക്കൊപ്പം മറ്റു പ്രതിപക്ഷ നേതാക്കളേയും കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, രാജ്സ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ഗെഹ് ലോട്ട് എന്നിവരും പങ്കെടുക്കുന്നുണ്ട്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പൊതുജനങ്ങളേയും ഹേമന്ദ് സോറന്‍ ക്ഷണിച്ചിട്ടുണ്ട്.
ഇതു രണ്ടാം തവണയാണ് ഹേമന്ദ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. നേരത്തെ ബിജെപിയുമായി സഖ്യം ചേര്‍ന്നുള്ള സര്‍ക്കാരില്‍ 2009 മുതല്‍ 2013 വരെ ഉപമുഖ്യമന്ത്രിയുമായിരുന്നു. ബിജെപി സഖ്യം ഉപേക്ഷിച്ച ശേഷം 2013 ജൂലൈയിലാണ് ഹേമന്ദ് സോറന്‍ ആദ്യമായി മുഖ്യമന്ത്രിയായത്. അന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു. ചിട്ടയായ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയ ഹേമന്ദ് സോറന് സഹായവുമായി ഓക്‌സ്‌ഫോര്‍ഡ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നുള്ള വിദഗ്ധരും രംഗത്തുണ്ടായിരുന്നു.