Sorry, you need to enable JavaScript to visit this website.

രാജസ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍  24 ദിവസത്തിനിടെ മരിച്ചത് 77 നവജാത ശിശുക്കള്‍; അന്വേഷണം

ജയ്പൂര്‍- രാജസ്ഥാനിലെ കോട്ടയില്‍ ജെ കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ മാസം മാത്രം 77 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഉന്നത തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഡിസംബറിലെ ആദ്യ 24 ദിവസങ്ങളിലാണ് ഇത്രയും മരണം സംഭവിച്ചത്. 23നും 24നും മാത്രം 10 കുട്ടികളാണ് മരിച്ചത്. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണ സംവിധാനത്തിന്റെ കുറവ്, ഉപകരണങ്ങളുടെ പരിപാലനക്കുറവ് തുടങ്ങി പല പോരായ്മകളും പ്രശ്‌നങ്ങളും ഉണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മെഡിക്കല്‍ എജുക്കേഷന്‍ വകുപ്പ് സെക്രട്ടറി വൈഭവ് ഗല്‍റിയ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ എല്ലാ ഉപകരണങ്ങലും പ്രവര്‍ത്തന ക്ഷമമാണെന്നും കുട്ടികളുടെ മരണം ആശുപത്രി സംവിധാനങ്ങലുടെ അപര്യാപ്തത മൂലമല്ലെന്നും പ്രിന്‍സിപ്പല്‍ സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു. 

ന്യൂമോണിയ, രക്തത്തിലെ അണുബാധ എന്നീ കാരണങ്ങളാണ് കുട്ടികളുടെ മരണ കാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്. സംശയകരമായ മരണങ്ങല്ലാത്തതിനാല്‍ പോസ്റ്റ് മോര്‍ട്ടവും നടത്തിയിട്ടില്ല. ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിന്റെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളാണ് മരിച്ചവരെല്ലാം. കുട്ടികളെ ചികിത്സിക്കുന്ന കോട്ടയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് ജെ കെ ലോണ്‍ ഹോസ്പിറ്റല്‍. ദിവസവും 40 വരെ കുട്ടികളെ ഇവിടെ ശിശുരോഗ വിഭാഗത്തില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നുണ്ട്.

Latest News