കൊണ്ടോട്ടി- പൗരത്വ നിയമത്തിനെതിരെ കൊണ്ടോട്ടിയിൽ പൗരാവലി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥി ആയിശ റെന്നക്കെതിരെ അധിക്ഷേപവുമായി സി.പി.എം പ്രവർത്തകർ. പൗരത്വഭേദഗതിക്കെതിരെ ജാമിഅയിൽ നടന്ന സമരത്തിന്റെ മുന്നണിയിലുണ്ടായി ആയിശ റെന്നക്കെതിരെയാണ് സി.പി.എം രംഗത്തെത്തിയത്. പൗരത്വ ബില്ലിനെതിരിൽ പ്രതിഷേധിച്ച പൊന്നാനിയിലെ ആറു വിദ്യാർത്ഥികൾക്ക് ജാമ്യം നൽകണമെന്ന് റെന്ന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ തടവിലടച്ചത് അന്യായമാണെന്ന് പറഞ്ഞ റെന്ന പൊന്നാനിയിലെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി ജാമ്യം നിഷേധിക്കുന്ന നിലപാടിനെയും വിമർശിച്ചു. 'കേരളസർക്കാറിനെ കുറ്റം പറഞ്ഞ റെന്ന മാപ്പു പറയണമെന്ന്' പറഞ്ഞു സി.പി.ഐ. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അതിന് മാപ്പൊന്നും പറയില്ലെന്ന് തിരിച്ചു പറഞ്ഞു. നിന്റെ നിലപാട് വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നായിരുന്നു റെന്നയോട് തിരിച്ചുപറഞ്ഞത്.
കൊണ്ടോട്ടിയിൽ നടന്ന റാലിയിൽ ആയിരകണക്കിനാളുകളാണ് പങ്കെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കൊണ്ടോട്ടിയിൽ ആയിരങ്ങൾ അണിനിരന്ന പൗരത്വ സംരക്ഷണ റാലി അധികൃതർക്ക് താക്കീതായി. വിവിധ സംഘടനകൾ, പള്ളി മഹല്ലുകൾ, ക്ലബുകൾ, കൂട്ടായ്മകൾ, യുവജന സംഘടനാ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്ത റാലി കോടങ്ങാട് നിന്നും ആരംഭിച്ച് വൈദ്യർ സ്മാരകത്തിന് സമീപത്താണ് അവസാനിച്ചത്.
ആസാദി മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകളേന്തിയും ജാതിമത ഭേദമന്യേ പ്രതിഷേധ റാലിയിൽ മുതിർന്നവരും സ്ത്രീകളും കുട്ടികളും യുവാക്കളും അണി നിരന്നിരുന്നു. വ്യാപാരികളും തൊഴിലാളികളും കടകൾ അടച്ചിട്ടാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ത്രിവർണ പതാകയേന്തി കൊണ്ടോട്ടിയിടെ വാനമ്പാടി ജയഭാരതിയാണ് ജാഥക്ക് മുന്നിലുണ്ടായിരുന്നത്.
വൈദ്യർ അക്കാദമിയിൽ നടന്ന സമാപന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ.സി.ഷീബ മതേതര സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.വി ഇബ്രാഹിം എം.എൽ.എ, ദില്ലിയിലെ ജാമിഅ സമര നായിക ആയിഷ റെന്ന, നഗരസഭാ കൗൺസിലർമാരായ യു.മമ്മദിശ, പി.അബ്ദുറഹ്മാൻ (ഇണ്ണി), സി.കെ നാടിക്കുട്ടി, ചുക്കാൻ ബിച്ചു, മുഹമ്മദ് ഷാ മാസ്റ്റർ, പി.ഗീത, ഇ.എം.റഷീദ്, സി. മുഹമ്മദ് റാഫി, സൗദാമിനി, അശ്റഫ് മടാൻ, പി.മാനു മുസ്ല്യാർ, പി. അബ്ദുൽ അലി മാസ്റ്റർ, കെ.കെ.റഫീഖ്, കെ.ടി.റഹ്മാൻ തങ്ങൾ, പി.അഹമ്മദ് കബീർ, ജയഭാരതി, ചുള്ളിയൻ നൗഷാദ്, പുലത്ത് കുഞ്ഞു, താന്നിക്കൽ മൊയ്തീൻകുട്ടി, എൻ.എ. കരീം, പി.റഷീദലി ബാബു, പി.വി.എ. ലത്തീഫ്, സി.പി. നിസാർ, ചുക്കാൻ ചെറിയ ബിച്ചു, ആലങ്ങാടൻ സാദിഖ്, കമ്പത്ത് ഇബ്രാഹിം, പി.ബാബുരാജൻ, പി.ബാലൻ, ശോഭന ചന്ദ്രൻ നേതൃത്വം നൽകി.