ന്യൂദൽഹി- പൗരത്വ നിയമത്തിൽ മതസൂചനകൾ ഉൾപ്പെടുത്തരുതെന്ന് രണ്ടു വർഷം മുമ്പേ മുന്നറിയിപ്പു നൽകിയിരുന്നതായി ഭരണഘടനാ വിദഗ്ധനും ലോക്സഭാ മുൻ സെക്രട്ടറി ജനറലുമായ സുഭാഷ് കശ്യപ്. രണ്ടു വർഷം മുമ്പ് ഇതു സംബന്ധിച്ചു സംയുക്ത പാർലമെന്ററി സമിതിക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ഭേദഗതി ബില്ലിൽ ഹിന്ദു, സിക്ക്, പാഴ്സി തുടങ്ങി ഒരു തരത്തിലുള്ള മത പരാമർശവും നടത്താതെ മതപീഡനത്തെ തുടർന്നു നാടുവിടേണ്ടി വന്നവർക്ക് എന്നു മാത്രം മതിയെന്നായിരുന്നു കശ്യപ് നിർദേശിച്ചിരുന്നത്. പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾ എന്നായിരുന്നു വ്യവസ്ഥ ചേർത്തിരുന്നത് എങ്കിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വിധത്തിൽ ആകുമായിരുന്നു. ഇക്കാര്യം അന്നത്തെ പാർലമെന്ററി സമിതിയുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.
ഹിന്ദുക്കളെന്നോ ക്രൈസ്തവരെന്നോ സിക്കുകാരെന്നോ എടുത്തു പരാമർശിക്കേണ്ട കാര്യമില്ല. ബില്ലിന്റെ യഥാർഥ ലക്ഷ്യം നേടുന്നതിനും അതിന്റെ ആവശ്യമില്ലായിരുന്നു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇനി ബില്ലിൽ കോടതിയോ പാർലമെന്റ് തന്നെയോ ആണ് മാറ്റങ്ങൾ വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിഷേധത്തിനിടെയുണ്ടാകുന്ന അക്രമങ്ങളെ അദ്ദേഹം വിമർശിച്ചു. പാർലമെന്റിനെ പരമാധികാരിയായി കാണുന്നതും ഇതേ ഭരണഘടന തന്നെയാണെന്ന് ഓർക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഭരണഘടനാ വിശ്വാസികളെന്ന നിലക്ക്, ഇക്കാര്യം ശരിയാക്കാൻ വഴികളുണ്ടെന്ന കാര്യം നമ്മൾ അംഗീകരിക്കണം. അതു പക്ഷേ അക്രമാസക്തമായി പ്രതികരിച്ചോ പൊതുമുതൽ നശിപ്പിച്ചോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിൽ പറയുന്നതനുസരിച്ച് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രൈസ്തവ, പാഴ്സി, ജൈന, ബുദ്ധ, സിക്ക് മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകാമെന്നാണ്. എന്നാൽ ഇതിൽ നിന്നു മുസ്ലിം വിഭാഗത്തെ ബോധപൂർവം ഒഴിവാക്കി എന്നതാണ് സർക്കാർ നേരിടുന്ന ആരോപണം. പൗരത്വ നിയമത്തിനു പിന്നാലെ അവതരിപ്പിക്കാൻ സർക്കാർ തയാറെടുത്തിരുന്ന പൗരത്വ രജിസ്ട്രേഷൻ ബില്ല് നിയമമായാൽ മുസ്ലിംകളെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇതിന് പിന്നിലെ പ്രതിഷേധങ്ങളുടെ യഥാർഥ കാരണം.
കഴിഞ്ഞ ജനുവരിയിലാണ് പൗരത്വ ഭേദഗതി ബില്ലിൽ സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് സമർപ്പിച്ചത്. കശ്യപിന്റെ പേരെടുത്തു പറയാതെ തന്നെ അദ്ദേഹത്തിന്റെ നിർദേശങ്ങളെക്കുറിച്ച് അതിൽ പരാമർശിക്കുന്നുമുണ്ട്. 2016 ലാണ് ആദ്യമായി ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്. അവിടെ നിന്നാണ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് നൽകുന്നത്. ജെ.പി.സിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 2019 ജനുവരി എട്ടിന് ലോക്സഭ ബിൽ പാസാക്കി. എന്നാൽ മേയിൽ സർക്കാറിന്റെ കാലാവധി അവസാനിച്ചതോടെ ബില്ലിനു ലഭിച്ച അനുമതി അസാധുവായി. തുടർന്നാണ് കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ ബില്ലവതരിപ്പിച്ച് സർക്കാർ പാസാക്കിയത്.