Sorry, you need to enable JavaScript to visit this website.

ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യൂ, വെല്ലുവിളിച്ച് പ്രിയങ്ക

ലഖ്‌നൗ- കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നേരെയും ഉത്തർപ്രദേശ് പോലീസിന്റെ ക്രൂരത. പൗരത്വനിയമ ഭേദഗതിക്ക് എതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ മുൻ ഐ.പി.എസ് ഓഫീസറുടെ വീട് സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് കഴുത്തിന് ചുറ്റിപ്പിടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. താഴെ വീണ പ്രിയങ്കയെ വനിതാ പോലീസ് ഉദ്യോഗസ്ഥ കഴുത്തിന് ചുറ്റിപ്പിടിച്ചാണ് എഴുന്നേൽപ്പിച്ചത്. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ദരാപുരിയുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. പോലീസ് അക്രമിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി. പീഡനം ഏൽക്കേണ്ടി വരുന്ന എല്ലാവർക്കും വേണ്ടിയാണ് നിലകൊള്ളുന്നെതന്നും ഇത് എന്റെ സത്യഗ്രഹമാണെന്നും പ്രിയങ്ക വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് 76കാരനായ ദരാപുരി അറസ്റ്റിലായത്. കാൻസർ രോഗിയായ ദരാപുരി ഇപ്പോഴും ജയിലിലാണ്. 
ദരാപുരി അടക്കം പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരുടെ വീടുകൾ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ പോലീസ് നടുറോഡിൽ തടഞ്ഞതിനെ തുടർന്ന് കാർ ഒഴിവാക്കി പ്രവർത്തകന്റെ സ്‌കൂട്ടറിലാണ് യാത്ര തുടർന്നത്. സെക്ടർ പതിനെട്ടിലെ ഇന്ദിരനഗറിലാണ് ദരാപുരിയുടെ വീട്. 

പോലീസ് പിറകിലെത്തി പ്രിയങ്കയെ വീണ്ടും തടഞ്ഞു. തുടർന്ന് കാൽനടയായി യാത്ര തുടർന്നു. നാലു കിലോമീറ്ററോളം ദൂരം പ്രിയങ്ക നടന്നു. ഞങ്ങൾ നാലു പേർ ദരാപുരിയുടെ വീട്ടിലേക്ക് കാറിൽ പോകുന്നതിനിടെ പോലീസ് എന്നെ റോഡിന്റെ മധ്യത്തിൽ തടയുകയായിരുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി. എന്നെ തടയാൻ ഒരു കാരണവും അവർ പറഞ്ഞില്ല. അവർ എന്തുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത് എന്ന കാര്യം ദൈവത്തിന് മാത്രമേ അറിയൂവെന്നും പ്രിയങ്ക പറഞ്ഞു. പോലീസിന് എന്നെ തടയാൻ അവകാശമില്ല. എന്നെ അറസ്റ്റ് ചെയ്യാനാണ് തീരുമാനമെങ്കിൽ അത് ചെയ്യട്ടെയെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. 
ഡിസംബർ പത്തൊൻപതിന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ സദഫ് ജാഫറിന്റെ വീട് സന്ദർശിക്കാൻ പുറപ്പെട്ടതായിരുന്നു പ്രിയങ്ക ഗാന്ധി. ലഖ്‌നൗവിലെ പരിവർത്തർ ചൗക്കിൽനിന്നായിരുന്നു സദഫ് ജാഫറിനെ അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമത്തിന്റെ ലൈവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു എന്നതായിരുന്നു ഇവർക്കെതിരായ ആരോപണം. അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ ശേഷമായിരുന്നു സദഫിനെ അറസ്റ്റ് ചെയ്തത്.  സദഫ് ജാഫറിന്റെ ജാമ്യാപേക്ഷയും കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.
അതേസമയം, പ്രിയങ്കയെ അക്രമിച്ചിട്ടില്ലെന്ന് അർച്ചന സിംഗ് എന്ന വനിതാപോലീസുകാരി വ്യക്തമാക്കി. തന്റെ ഡ്യൂട്ടി നിർവഹിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അവർ പറഞ്ഞു. യു.പി പോലീസ് ക്രൂരത തുടരുകയാണെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

Latest News