മക്ക- മക്കയിലെ പ്രധാന ഖബർസ്ഥാൻ ആയ അൽമുഅല്ലക്ക് സമീപം നിർമാണ പ്രവർത്തനത്തിന് കുഴിക്കുന്നതിനിടെ പുരാതന ഖബർ കണ്ടെത്തി. 800 വർഷം പഴക്കമുള്ള ഖബറാണിതെന്നാണ് അതിലുള്ള രേഖകളിൽ നിന്ന് വ്യക്തമാവുന്നതെന്ന് വിദഗ്ധർ പറഞ്ഞു.
സ്മാർട്ട് കാർ പാർക്കിംഗ് സെന്ററിന് വേണ്ടിയുള്ള നിർമാണ പ്രവർത്തനത്തിനിടെ കരാർ കമ്പനിയുടെ ജോലിക്കാരാണ് ശവക്കല്ലറ കണ്ടെത്തിയത്. ഈ ഭാഗങ്ങൾ നേരത്തെ അൽമുഅല്ല മഖ്ബറയുടെ ഭാഗമായിരിക്കാമെന്ന് മക്ക ചരിത്ര കേന്ദ്രം ഡയറക്ടർ ഫവാസ് അൽദഹാസ് പറഞ്ഞു. ഖബറിലുള്ള കല്ലുകളിലെ കൊത്തുപണികളും എഴുത്തുകളും ചരിത്രത്തിന് അമൂല്യനിധികളാണ്. അറബ് കൊത്തുപണികളാണ് അതിലുള്ളത്. ഇതിൽ എഴുതപ്പെട്ട പേരുകൾ ചരിത്ര ഗ്രന്ഥങ്ങളിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. മക്കയിലുള്ളവരോ വിദേശത്ത് നിന്നെത്തിയവരോ ആയ മുസ്ലിം പണ്ഡിതരെ കുറിച്ച് അറിയുന്നതിന് ഇത് സഹായകമാകും. മഖ്ബറ നവീകരിക്കുന്ന സമയത്ത് ഗൈറ്റ് വെക്കാനായി പണ്ട് കാലത്ത് നികത്തിയതായിരിക്കാം ഈ സ്ഥലം. ഈ ഭാഗത്തെ ഖബറുകളെയും ഇപ്പോൾ ലഭിച്ച അവശിഷ്ടങ്ങളെയും കുറിച്ച് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ്, ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി സഹകരിച്ച് പഠന റിപ്പോർട്ട് തയാറാക്കണമെന്നും ദഹാസ് ആവശ്യപ്പെട്ടു.മക്കയിൽ മുഅല്ലാ മഖ്ബറക്ക് സമീപം നിർമാണ പ്രവർത്തനത്തനിടെ കണ്ടെത്തിയ ഖബർ.