സ്‌പോർട്‌സ് സൗദി സമൂഹത്തിൽ സൃഷ്ടിച്ച മാറ്റത്തെക്കുറിച്ച് സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ സംസാരിക്കുന്നു....
വേൾഡ് ക്ലാസ് നിലവാരത്തിലുള്ള ടെന്നിസ് പ്രദർശന ടൂർണമെന്റ്, ഇന്റർനാഷനൽ ഗോൾഫ് ചാമ്പ്യൻഷിപ്, ഫോർമുല സീരീസ് കാർ റെയ്‌സ്, ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്... സൗദി അറേബ്യ ഈ വർഷം വേദിയൊരുക്കിയ ഒട്ടനവധി കായിക മത്സരങ്ങളിൽ ചിലതു മാത്രമാണ് ഇത്. വെറും സ്‌പോർട്‌സ് മത്സരങ്ങൾ മാത്രമായിരുന്നില്ല ഇത്. സൗദി അറേബ്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വ്യാപകമായ മാറ്റങ്ങളിലേക്ക് ലോക ശ്രദ്ധ ആകർഷിക്കാൻ കൂടി ഈ കായിക മാമാങ്കങ്ങൾ അവസരമൊരുക്കി. സൗദി പൗരന്മാർക്ക് സ്‌പോർട്‌സിനോടുള്ള അഭിനിവേശം വർധിപ്പിക്കുന്നതിനും ഈ മത്സരങ്ങൾ ഉപകരിച്ചു. എന്നിട്ടും രാജ്യാന്തര തലത്തിൽ ചില പ്രതിഷേധ സ്വരങ്ങൾ ഉയർന്നു. ആ പ്രതിഷേധങ്ങൾക്ക് മറുപടി നൽകുകയാണ് മുപ്പത്താറുകാരനായ സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ.
സൗദി അറേബ്യയിലെ കായികരംഗത്തെ ഉടച്ചുവാർക്കാനുള്ള യത്‌നത്തിനാണ് അദ്ദേഹം മേൽനോട്ടം വഹിക്കുന്നത്. പ്രാദേശിക ക്ലബ്ബുകളുടെ നവീകരണത്തിനു മാത്രം ജൂലൈയിൽ ചെലവിട്ടത് 250 കോടി സൗദി റിയാലായിരുന്നു. പുതുവർഷവും സൗദിയിൽ ആരംഭിക്കുന്നത് മറ്റൊരു സുപ്രധാന കായികമേളയോടെയാണ്. ജനുവരി അഞ്ച് മുതൽ ദാക്കർ റാലിക്ക് തുടക്കമാവുകയാണ്. ജിദ്ദയിൽനിന്ന് ആരംഭിച്ച് പൗരാണിക കേന്ദ്രങ്ങളും നാഴികക്കല്ലുകളും പിന്നിട്ടാണ് റാലി റിയാദിനടുത്ത ഖിദ്ദിയയിൽ ജനുവരി ഏഴിന് സമാപിക്കുക. അൽവജ്ഹ്, അൽഉല വഴി പുതുതായി പണിയുന്ന നഗരമായ നിയോം കടന്നുപോവുന്ന റാലി ജനുവരി 11 ന് റിയാദിലെത്തും. അവിടെ നിന്ന് വാദി ദവാസിർ, ശുബൈത, ഹറദ് വഴിയാണ് ഖിദ്ദിയയിലേക്ക് സഞ്ചരിക്കുക. 7500 കിലോമീറ്ററോളം നീളുന്നതാണ് റൂട്ട്. അതിൽ 75 ശതമാനവും മണൽപരപ്പിലൂടെയായിരിക്കും.
സൗദിഅറേബ്യയിൽ മാറ്റത്തിന്റെ മാറ്റൊലി മുഴങ്ങുകയാണെന്ന് അബ്ദുൽഅസീസ് രാജകുമാരൻ പറയുന്നു. 'തുറന്ന സമൂഹമല്ലെന്നാണ് എപ്പോഴും ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ആരോപണം. രാജ്യത്ത് ഒന്നും ചെയ്യുന്നില്ലെന്നും ടൂറിസത്തിന് തുറന്നു കൊടുക്കുന്നില്ലെന്നും മറ്റും. ഇപ്പോൾ മാറ്റത്തിന് തുടക്കമിടുമ്പോൾ ആരോപണം നേരെ തിരിച്ചാണ്. സ്‌പോർട്‌സ് മത്സരങ്ങൾ നടത്തി ഞങ്ങൾ തെറ്റുകൾ മൂടിവെക്കുകയാണെന്ന്' -അബ്ദുൽഅസീസ് രാജകുമാരൻ വിശദീകരിച്ചു.
ലോകത്തെ ആദ്യ 20 റാങ്കിലുള്ള എട്ട് കളിക്കാരാണ് സൗദി അറേബ്യ ആദ്യമായി വിരുന്നൊരുക്കിയ പ്രൊഫഷനൽ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. മുപ്പത്തിനാലുകാരനായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഹ്രസ്വമായ കാലയളവിൽ രാജ്യത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റിനാണ് തുടക്കമിട്ടതെന്ന് അബ്ദുൽഅസീസ് രാജകുമാരൻ ചൂണ്ടിക്കാട്ടി. വനിതകൾക്ക് വാഹനമോടിക്കാൻ വിലക്കില്ല. ഹോട്ടലുകളിൽ അവർക്ക് പ്രത്യേക ഇടങ്ങളിലേക്ക് പോവേണ്ടതില്ല. വിദേശത്തേക്ക് ഒറ്റക്ക് സഞ്ചരിക്കാൻ തടസ്സമില്ല. ഒരുകാലത്ത് വിലക്കപ്പെട്ടിരിക്കുന്ന മാറ്റങ്ങളിലേക്ക് സൗദി പലപ്പോഴും നടന്നടുത്തത് സ്‌പോർട്‌സിലൂടെയായിരുന്നു. വനിതകൾക്ക് ഇന്ന് കളിക്കളങ്ങളിലെത്തി ഫുട്‌ബോൾ മത്സരങ്ങൾ വീക്ഷിക്കാം. കഴിഞ്ഞയാഴ്ച നടന്ന അശ്വാഭ്യാസ മത്സരങ്ങളിൽ പുരുഷന്മാർക്കൊപ്പം അവർ മത്സരിച്ചു. സ്‌പോർട്‌സിന്റെ മാറ്റത്തിന്റെ മണിമുഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറുന്നു. യുവജനതയാണ് ഈ മാറ്റത്തിന്റെ പതാകവാഹകർ. രണ്ടു കോടിയിലേറെ വരുന്ന സൗദി അറേബ്യൻ ജനതയുടെ പകുതിയിലേറെ 25 വയസ്സിൽ താഴെയുള്ളവരാണ്.
സൗദി അറേബ്യ പുതുതായി ഏർപ്പെടുത്തിയ ടൂറിസം വിസ നടപ്പാക്കുന്നതിന് പരീക്ഷണ വേദിയായത് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഫോർമുല ഇ ഇലക്ട്രിക് കാർ റെയ്‌സായിരുന്നു. റിയാദിനടുത്ത് തന്നെയാണ് രാജ്യത്തെ പ്രഥമ സംഗീത വിരുന്നും സംഘടിപ്പിച്ചത്. എൻറിക് ഇഗ്‌ലെസിയാസ്, ബ്ലാക്ക് ഐഡ് പീസ് തുടങ്ങി ഇന്റർനാഷനൽ സൂപ്പർസ്റ്റാറുകൾ സംഗീതവിരുന്നിൽ ആസ്വാദകരെ ഹരം കൊള്ളിച്ചു. ഈ വർഷം എത്തിയ ഗായകരിൽ അമേരിക്കൻ ഹിപ്‌ഹോപ് ആർടിസ്റ്റ് ടൈഗ, ക്രിസ് ബ്രൗൺ തുടങ്ങിയവരുണ്ടായിരുന്നു. ആയിരക്കണക്കിന് യുവാക്കളും യുവതികളുമായി ചരിത്രത്തിലാദ്യമായി സ്വന്തം രാജ്യത്ത് ഇത്തരമൊരു പരിപാടി ആസ്വദിച്ചത്. 40,000 പേരാണ് സംഗീതവിരുന്നുകൾക്കെത്തിയത് എന്നത് ആരെയും അമ്പരപ്പിക്കുമെന്നും അവർ കൂടുതൽ ആഗ്രഹിക്കുന്നുണ്ടെന്നും അബ്ദുൽഅസീസ് രാജകുമാരൻ പറഞ്ഞു. എല്ലാവരെയും പരിഗണിക്കുക എന്നതാണ് ഞങ്ങളുടെ രീതി. ആർക്കെങ്കിലും താൽപര്യമില്ലെങ്കിൽ അവർക്കു വിട്ടുനിൽക്കാവുന്നതേയുള്ളൂ -അദ്ദേഹം പറഞ്ഞു.
ഏറ്റവും ലോക ശ്രദ്ധയാകർഷിച്ചത് ഡിസംബർ ആദ്യ വാരം അരങ്ങേറിയ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് റീമാച്ചായിരുന്നു. മെക്‌സിക്കൻ അമേരിക്കൻ പോരാളി ആൻഡി റൂയിസ് ജൂനിയറിനെ കീഴടക്കിയ ബ്രിട്ടിഷ് ബോക്‌സർ ആൻഡി റൂയിസ് ജൂനിയറിന് കിട്ടിയത് ഏഴു കോടി ഡോളറാണെന്നാണ് റിപ്പോർട്ടുകൾ. മരുഭൂമിയോട് ചേർന്ന, മൂന്നു നൂറ്റാണ്ടിന്റെ പഴക്കമുള്ള പൗരാണിക നഗരമായ ദിർഇയയിലെ യുനെസ്‌കൊ ഹെറിറ്റേജ് സൈറ്റിലായിരുന്നു മത്സരം. രാജ്യത്ത് എണ്ണയുൽപാദനം ആരംഭിക്കുന്നതിന് രാജകുടുംബവും അവരുടെ ഗോത്രവും താമസിച്ചിരുന്ന മൺവീടുകൾ സ്ഥിതിചെയ്യുന്ന ദിർഇയ സമീപകാലത്താണ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. അറബ് പെനിൻസുലയിൽ സൗദി രാജവംശത്തിന് തുടക്കം കുറിച്ചത് ദിർഇയയിൽ വെച്ചാണ്. എല്ലാ ഔന്നത്യങ്ങളുടെയും തുടക്കം ദിർഇയയിലായിരുന്നുവെന്ന് അബ്ദുൽഅസീസ് രാജകുമാരൻ പറഞ്ഞു. എങ്ങനെയാണ് മുന്നോട്ടു പോവേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ ആസൂത്രണവും പദ്ധതിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞുനിർത്തി.