ചെന്നൈ- ഒന്നിനോടും പ്രതികരിക്കാതെ ഇരുന്നാലാണ് അവസരങ്ങൾ ലഭിക്കുകയെങ്കിൽ അത്തരം അവസരങ്ങൾ തനിക്ക് വേണ്ടെന്ന് നടൻ സിദ്ധാർഥ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ധാർഥിന്റെ അഭിപ്രായപ്രകടനം.
'ഒരു ഇരുണ്ട കാലത്തിലൂടെയാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്നത് ഏറെ ദൗർഭാഗ്യകരമാണ്. രക്തം തിളപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ വളർന്നുവന്ന ഒരു ഇന്ത്യ ഉണ്ടായിരുന്നു. അതേ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത് എന്നത് അവിശ്വസനീയമാണ്'. 'മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കിൽ എനിക്കത് ആവശ്യമില്ല. ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും. ഈ രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെപ്പോലെ പ്രിവിലേജുകൾ അനുഭവിക്കുന്ന ഒരാൾ നിശബ്ദനായിരുന്നാൽ ഈ രാജ്യത്തിന്റെ ഭാവി എന്താവും? ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്.'
'ഒരു നടൻ എന്ന നിലയിൽ മുപ്പതിലധികം സിനിമകൾ ഞാൻ ചെയ്തു. അഞ്ച് ഭാഷകളിൽ അഭിനയിച്ചു. സിനിമകൾ നിർമ്മിച്ചു. ഇതൊക്കെ ചെയ്യാൻ സിനിമാലോകത്തിന്റെ അനുമതിയെ ഞാൻ ഒരിക്കലും ആശ്രയിച്ചിട്ടില്ല. ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ അകാരണമാണെന്നോ ബഹുമാനം അർഹിക്കാത്തവയാണെന്നോ ഞാൻ കരുതുന്നില്ല. വോട്ട് ചെയ്യുന്ന, നികുതി അടയ്ക്കുന്ന ഒരു പൗരൻ എന്ന നിലയ്ക്ക് മാത്രമാണ് ഞാൻ സംസാരിക്കുന്നത്. തന്റെ സംസ്ഥാനത്തും രാജ്യത്തും നടക്കുന്ന കാര്യങ്ങളിൽ സത്യസന്ധമായി ഉത്കണ്ഠയുള്ള ഒരാൾ എന്ന നിലയിൽ. അതിനാൽത്തന്നെ സിനിമാലോകത്തുനിന്ന് ആരും ഇതുവരെ എന്നോട് നിശബ്ദനാവൂ എന്ന് ഉപദേശിച്ചിട്ടില്ലെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.