മുംബൈ- രാജ്യത്തെ ബാങ്കുകളിലെ കിട്ടാക്കടം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. സാധാരണക്കാരും വ്യവസായികളും ഒരുപോലെ ആശ്രയിക്കുന്ന വാണിജ്യ ബാങ്കുകളില്‍ അടുത്ത ഒമ്പത് മാസങ്ങളില്‍ കടം വര്‍ധിക്കും. സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രതിസന്ധി മൂലമാകും ഇത്. റിസര്‍വ് ബാങ്കിന്റെ ദ്വൈവാര്‍ഷിക സാമ്പത്തിക സ്ഥിരതാ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജൂണിലും ഡിസംബറിലുമാണ് ഈ റിപോര്‍ട്ട് പുറത്തിറക്കുന്നത്. ദുര്‍ബലമായ സാമ്പത്തിക സ്ഥിതി, കുറഞ്ഞ വായ്പ വളര്‍ച്ച തുടങ്ങിയവയാണ് ഇതിന് കാരണമായി പറയുന്നത്. വായ്പ എടുത്തവര്‍ തിരിച്ചടക്കാത്ത ഈ തുക നിഷ്ട്ക്രിയ ആസ്തി വിഭാഗത്തിലാണ് ഉള്‍പ്പെടുക.
വന്‍കിട കമ്പനികളുടെ പക്കല്‍ വന്‍തോതില്‍ പണമുള്ളതിനാല്‍ അവര്‍ വായ്പ എടുക്കില്ല. അത് വായ്പ വളര്‍ച്ച കുറയാന്‍ കാരണമാകും. 2019 സെപ്തംബറില്‍ ബാങ്കുകളുടെ വായ്പ വളര്‍ച്ച 8.7 ശതമാനമായിരുന്നു. അതേസമയം സ്വകാര്യ ബാങ്കുകളുടേത് 16.5 ശതമാനവും. രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുന്നതാണ് ബാങ്കുകളിലെ കിട്ടാക്കടം. ഇതു ബാങ്കുകളേയും പ്രതിസന്ധിയിലാക്കും.