ന്യൂദല്‍ഹി- പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടയിലും ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ ശക്തി പ്രാപിച്ചു വരുന്നു. ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യ ബസ് യാത്ര അടക്കമുള്ള മോഹനവാഗ്ദാനങ്ങളുമായായണ് മുഖ്യമന്ത്രി കെജ്‌രിവാള്‍ പ്രചാരണത്തിന് ചൂടുപിടിപ്പിക്കുന്നത്. ശുചിത്വം ഉറപ്പാക്കുന്നതിനും മുന്‍തൂക്കം നല്‍കുമെന്ന് അദ്ദേഹം പറയുന്നു. നഗരത്തിലെ എല്ലാ അനധികൃത കോളനികളിലും മൊഹല്ല ക്ലിനിക്കുകളും ശുദ്ധജല, മലിന ജല പൈപ്പ് ലൈന്‍ സംവിധാനവും റോഡുകളും നിര്‍മ്മിക്കും. 'ആപ് കാ റിപ്പോര്‍ട്ട് കാര്‍ഡ്' എന്ന പേരില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ടൗണ്‍ ഹാള്‍ യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ടൗണ്‍ ഹാള്‍ പരിപാടിയിലാണ് പുതിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസത്തിനാണ് കഴിഞ്ഞ അഞ്ച് വര്‍ഷം പ്രാധാന്യം നല്‍കിയത്. അതുപോലെ ലോകത്തിലെ ഏറ്റവും ശുചിയായ നഗരമാക്കി ദല്‍ഹിയെ മാറ്റുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മാലിന്യ കൂനകള്‍ ഇല്ലാതാക്കുകയും ശുചിയായ റോഡുകള്‍ സൃഷ്ടിക്കുകയും ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ 10 നേട്ടങ്ങളാണ് റിപ്പോര്‍ട്ട് കാര്‍ഡില്‍ അദ്ദേഹം അവതരിപ്പിച്ചത്. അതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.
2020 ഫെബ്രുവരി 22നാണ് ദല്‍ഹി സര്‍ക്കാരിന്റെ കാലാവധി തീരുക.