Sorry, you need to enable JavaScript to visit this website.

നെടുമ്പാശേരിയിൽ വീണ്ടും വൻ സ്വർണവേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ

നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയോളം വിലവരുന്ന സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിൽ ബഹറിനിൽ നിന്നും എത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് അനധികൃതമായി  സ്വർണ്ണം കടത്തുവാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലായത്. 1.200 കിലോഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും കസ്റ്റംസ് വിഭാഗം പിടികൂടിയത്. അടിവസ്ത്രത്തിനകത്തും ശരീരത്തിലും ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വൻ തോതിൽ നികുതി വെട്ടിച്ച് സ്വർണം കടത്തുന്നതായ ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ഒരു മാസത്തിലധികമായി വിദേശത്ത് നിന്നും വരുന്ന യാത്രക്കാരെ ശക്തമായ പരിശോധകൾക്കാണ് കസ്റ്റംസ് വിധേയമാക്കുന്നത്. വിമാനമിറങ്ങി വരുന്ന യാത്രക്കാരെ സി സി ടി വി വഴി സൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷം സംശയം തോന്നുന്നവരെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്. സ്വർണം കടത്തിക്കൊണ്ടു വരുന്ന യാത്രക്കാരെ കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനകളിലും അനധികൃതമായി കടത്താൻ ശ്രമിക്കുന്ന സ്വർണം പിടികൂടാനാകുന്നുണ്ട്. ഇന്നലെ പിടികൂടിയതു ഉൾപ്പടെ കഴിഞ്ഞ ഒരു മാസത്തിനിടെ 27 .200 കിലോഗ്രാം സ്വർണ്ണം കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ഡയറക്ടറ്ററേറ്റ് റവന്യു ഇന്റലിജൻസ് വിഭാഗവും ചേർന്ന് പിടികൂടിയിട്ടുണ്ട് .ഇതിൽ ഭൂരിഭാഗവും എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടിയിട്ടുള്ളത് .കേരളത്തിൽ സ്വർണ്ണവില കൂടിയതും നികുതി പന്ത്രണ്ട് ശതമാനമായി ഉയർത്തിയതുമാണ് വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് കൂടുതൽ സ്വർണ്ണം അനധികൃതമായി കടത്തുവാൻ കള്ളക്കടത്ത് സംഘം ശ്രമിക്കുന്നത് .പ്രധാനമായും ലോകത്ത് ഏറ്റവും നല്ല സ്വർണ്ണം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നായ ദുബായിലെ സ്വർണ്ണമാണ് കേരളത്തിൽ അനധികൃതമായി എത്തുന്നത് .ഗൾഫിലെ വിവിധ രാജ്യങ്ങളിലെ വിമാനതാവളങ്ങൾ വഴിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴി കേരളത്തിലേയ്ക്ക് സ്വർണ്ണം എത്തുന്നത് .വിദേശത്തു നിന്ന് അനധികൃതമായി ഒരു കിലോ സ്വർണ്ണം നാട്ടിൽ എത്തിച്ചാൽ എല്ലാ ചെലവുകളും കഴിച്ച് നാല് മുതൽ ആറ് ലക്ഷം വരെ ലാഭം ലഭിക്കും .ഇതാണ് കേരളത്തിലേയ്ക്ക് സ്വർണ്ണക്കടത്ത് വർദ്ധിക്കുന്നതിന് കാരണമായിട്ടുള്ളതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു  . കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് വിമാന ടിക്കറ്റും പ്രതിഫലവും നൽകിയാണ് സ്വർണ്ണം അനധികൃതമായി കടത്തുവാൻ ശ്രിക്കുന്നത്‌
 

Latest News