ന്യൂദല്‍ഹി-വിദേശ സര്‍വകലാശാലകളില്‍ നിന്നും എംബിബിഎസ് പഠിച്ചിറങ്ങുന്നവരില്‍ വലിയൊരു ശതമാനത്തിനും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള പരീക്ഷയില്‍ പാസ്സാകാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്യേുറ്റ് എക്‌സാം(എഫ്.എം.ജി.ഇ) എന്ന പരീക്ഷ എഴുതുന്നവരില്‍ 84 ശതമാനം പേരും തോല്‍ക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.മറ്റ് രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടുന്നവര്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യുന്നതിനുള്ള ലൈസന്‍സ് നേടണമെങ്കില്‍ എഫ്.എം.ജി.ഇ. പാസ്സാകേണ്ടതുണ്ട്. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍(എന്‍.ബി.ഇ) ആണ് ഈ പരീക്ഷ നടത്തുന്നത്.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്റ്, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും എംബിബിഎസ് ബിരുദം നേടുന്നവര്‍ക്ക് ഈ പരീക്ഷയില്‍ പങ്കെടുക്കേണ്ടതില്ല. പക്ഷെ അവര്‍ക്കും അതത് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള ലൈസന്‍സ് നേടിയിട്ടുണ്ടെങ്കില്‍ മാത്രമേ ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനാകൂ.ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിവര്‍ഷം വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നും എംബിബിഎസ് ബിരുദം നേടി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യയിലെ എംബിബിഎസ് പ്രവേശപ്പരീക്ഷയായ നീറ്റ് പാസ്സാകുന്നതിലെ ബുദ്ധിമുട്ടും മെഡിക്കല്‍ സീറ്റുകളുടെ കുറവും മൂലമാണ് നിരവധി വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്നത്.അക്കാദമിക് ഫീസിനും താമസത്തിനുമായി ലക്ഷങ്ങളാണ് ഓരോ വിദ്യാര്‍ത്ഥികളും ആറ് വര്‍ഷം ചിലവാക്കുന്നത്. പക്ഷെ തിരിച്ചെത്തുന്ന ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും നാട്ടില്‍ ജോലി ചെയ്യാനാകുന്നില്ല.
എന്‍.ബി.ഇയുടെ കണക്കുകള്‍ പ്രകാരം 2012-2018 വരെ എഫ്.എം.ജി.ഇ. എഴുതിയവരില്‍ 84 ശതമാനം പേര്‍ക്കും പാസ്സാകാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചൈനയില്‍ നിന്നും ബിരുദം നേടിയവരാണ്. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും ബിരുദം നേടിയവരാണ് പരീക്ഷക്കെത്തിയവരില്‍ 51 ശതമാനം പേരും.