ബെംഗളൂരു- എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഈ രണ്ട് സംഘടനകള്‍ക്കും ബന്ധമുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ സര്‍ക്കാര്‍ നിലപാട് പരസ്യമായി പ്രഖ്യാപിച്ചു. മന്ത്രിമാരായ എസ് സുരേഷ്‌കുമാറും സിടി രവിയും സമാനമായ നിലപാട് ആവര്‍ത്തിച്ചു.
'കശ്മീരിലേതിന് സമാനമായ അക്രമമാണ് മംഗളൂരുവില്‍ പൊലീസിന് നേരെയുണ്ടായത്. ഇതിന് പിന്നില്‍ എസ്ഡിപിഐയാണ്. അതിനാല്‍ ഈ സംഘടനകളെ നിരോധിക്കുന്ന കാര്യം സജീവമായി പരിഗണിക്കും,' എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞത്. പരിഷ്‌കൃതമായ സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഘടനയാണ് എസ്ഡിപിഐയെന്ന് മന്ത്രി സുരേഷ്‌കുമാറും പറഞ്ഞു.
മൈസൂരു, മംഗളൂരു മേഖലയില്‍ എസ്ഡിപിഐയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. കോണ്‍ഗ്രസിന്റെ മൈസൂരു എംഎല്‍എ തന്‍വീര്‍ സേട്ടിന്റെ കഴുത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത് എസ്ഡിപിഐയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐയെ നിരോധിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.