പൂനെ- കാലികളുമായി ചന്തയിലേക്കു പോകുകയായിരുന്ന ട്രക്ക് തടയാന്‍ ശ്രമിച്ച ഗോ സംരക്ഷകരെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു തല്ലി. മഹാരാഷ്ട്രയിലെ അഹ്മദ്‌നഗര്‍ ജില്ലയിലെ ശ്രിഗോണ്ഡ പോലീസ് സ്റ്റേഷനു സമീപമാണു സംഭവം. അറവുശാലയിലേക്ക് കാലികളെ കൊണ്ടു പോകുകയാണെന്ന് ആരോപിച്ചാണ് ഗോ സംരക്ഷകരും പോലീസും ചേര്‍ന്ന് ട്രക്ക് തടഞ്ഞത്. ഇതു കണ്ട അമ്പതോളം പേര്‍ കൂട്ടമായി വന്ന് ഗോസംരക്ഷകരെ ആക്രമിക്കുകയായിരുന്നു. ഏഴ് ഗോ സംരക്ഷകര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ട്രക്ക് ഉടമയായ വാഹിദ് ഷെയ്ഖിനേയും ഡ്രൈവര്‍ രാജു ഫത്രുഭായ് ഷെയ്ഖിനേയും പോലീസ് അറസ്റ്റ് ചെയ്തു. ട്രക്കും കസ്റ്റഡിയിലെടുത്തു.
പൂനെ സ്വദേശിയും ശിവസേന നേതാവുമായ ശിവശങ്കര്‍ രാജേന്ദ്ര സ്വാമിയുടെ നേതൃത്വത്തില്‍ 11 ഗോ സംരക്ഷരാണ് സംഭവസ്ഥലത്ത് അനധികൃത കാലിക്കടത്ത് നിരീക്ഷിക്കാനെന്ന പേരില്‍ നിലകൊണ്ടിരുന്നത്. ഇവര്‍ക്ക് പോലീസിന്റെ സഹായവും ഉണ്ടായിരുന്നു. ശനിയാഴ്ചകളില്‍ കഷ്തി ഗ്രാമത്തില്‍ നടക്കുന്ന പ്രശസ്തമായ കാലി ചന്തയിലേക്കുള്ള കാലികളെ ഇതുവഴിയാണ് കൊണ്ടു പോകുന്നത്. ഇങ്ങനെ കാലികളെ വഹിച്ചു പോകുന്ന ട്രക്കുകള്‍ തടയലായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ അംഗീകൃത ഓണററി അനിമല്‍ വെല്‍ഫയര്‍ ഓഫീസറാണെന്ന് സ്വാമി സ്വയം പരിചയപ്പെടുത്തുന്നു.
ഡോണ്ഡ്-അഹമ്മദ് നഗര്‍ റോഡിലെ ഒരു ഹോട്ടലിനു സമീപം വച്ചാണ് സ്വാമിയുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷകര്‍ ട്രക്ക് തടഞ്ഞത്. പത്തു കാളകളേയും രണ്ട് പശുക്കളേയും രക്ഷിച്ചതായും ഇവര്‍ അവകാശപ്പെട്ടു. ശേഷം ശ്രീഗോണ്ഡ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കി. പിന്നീട് ഭക്ഷണം കഴിക്കാന്‍ ഹോ്ട്ടലിലേക്ക് കയറുന്നതിനിടെ പ്രദേശത്ത് ള്‍ക്കൂട്ടം തിങ്ങിക്കൂടി. തിരിച്ച് പോലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതിനിടെയാണ് അമ്പതോളം പേര്‍ കൂട്ടമായി വന്ന് തങ്ങളെ ആക്രമിച്ചതെന്ന് സ്വാമി പറയുന്നു. ഉടന്‍ തന്നെ പോലീസെത്തി തടയുകയായിരുന്നു.