റിയാദ്- റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കുള്ള എമിഗ്രേഷൻ നടപടികൾ സ്വയം പൂർത്തിയാക്കാനുള്ള സംവിധാനങ്ങളുടെ അന്തിമഘട്ടം പൂർത്തിയായി. ഇതുവരെ ഒരു ഭാഗത്ത് സെൽഫ് സർവീസ് മെഷീനുകൾ ഉണ്ടായിരുന്നെങ്കിലും മറ്റൊരു ഭാഗത്ത് എമിഗ്രേഷൻ സേവനങ്ങൾക്ക് ജവാസാത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പദ്ധതിയുടെ അന്തിമഘട്ടം നാഷണൽ ഇൻഫർമേഷൻ കേന്ദ്രം ഡയറക്ടർ ഡോ. ഇസാം ബിൻ അബ്ദുല്ല അൽവഖീതും ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്‌യയും ഉദ്ഘാടനം ചെയ്തു.
ടിക്കറ്റ് പരിശോധനക്ക് ശേഷം എമിഗ്രേഷൻ വിഭാഗത്തിലെ സെൽഫ് സർവീസ് കൗണ്ടറുകളിലെത്തി ഫിംഗർ പ്രിന്റിന് ശേഷം പാസ്‌പോർട്ട് റീഡ് ചെയ്യിക്കണം. ഉടൻതന്നെ ഒരു സ്ലിപ് ലഭിക്കും. ഇതാണ് എമിഗ്രേഷൻ നടപടികൾ പൂർത്തിയായി എന്നതിനുള്ള തെളിവ്. എന്തെങ്കിലും നിയമതടസങ്ങളുണ്ടെങ്കിൽ ഈ സ്ലിപ് ലഭിക്കുകയില്ല. ഉടൻ ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രശ്‌നപരിഹാരത്തിന് രംഗത്തെത്തും.