റിയാദ്- ഈ വർഷം റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന 20 ശതമാനത്തോളം ബംഗ്ലാദേശ് വീട്ടുവേലക്കാരികൾ അഥവാ പതിനായിരത്തോളം പേർ ജോലിക്ക് താൽ്പര്യമില്ലെന്ന് കാണിച്ച് രാജ്യം വിട്ടതായി റിക്രൂട്ട്‌മെന്റ് ഏജൻസികൾ അറിയിച്ചു. തൊഴിൽ പരിശീലനക്കുറവും തൊഴിലിനോട് പൊരുത്തപ്പെടാനുള്ള താൽപര്യമില്ലായ്മയും ആചാരങ്ങളിലെ വ്യത്യാസവുമാണ് ഇതിന് കാരണമെന്ന് അവർ പറയുന്നു.
തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാൻ പോലും അവർ തയാറായിരുന്നില്ല. ഏറെ കാലം ബംഗ്ലാദേശിൽ നിന്ന് റിക്രൂട്ട്‌മെന്റ് നിർത്തിവെച്ചിരുന്നു. റിക്രൂട്ട്മന്റ് ആരംഭിച്ചതിന് ശേഷം ഇതുവരെ 60,000ത്തോളം പേർ രാജ്യം വിട്ടുപോയതായി റിക്രൂട്ട്‌മെന്റ് സ്ഥാപനമുടമയായ ഹുസൈൻ അൽഹാരിസി പറഞ്ഞു. യോഗ്യതക്കുറവും താൽ്പര്യമില്ലായ്മയും അവരുടെ തിരിച്ചുപോക്കിന്റെ ഘടകങ്ങളാണ്.
അതേസമയം അവരെ തൊഴിലുടമ വേണ്ടെന്ന് വെക്കുകയാണെങ്കിൽ എംബസിയിൽ പോയി രേഖകൾ ശരിയാക്കി നൽകണം -അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് വേലക്കാരികൾ സൗദിയിലേക്ക് വരാൻ തയാറാകാത്തത് കാരണം വിസ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്നും പുതിയ വിസകൾ ലഭ്യമാകുന്നില്ലെന്നും മറ്റൊരു റിക്രൂട്ട്‌മെന്റ് സ്ഥാപനമുടമ അബ്ദുല്ല അൽഗാംദി പറഞ്ഞു.
തൊഴിലാളികളെ ലഭ്യമാകാത്തതിനാൽ ബംഗ്ലാദേശ് വിസകളുടെ തോത് 30 ശതമാനത്തിലേക്ക് കുറഞ്ഞെന്നും പുതിയ വിസകൾ ലഭിക്കുന്നില്ലെന്നും അതിനാൽ മറ്റു രാജ്യങ്ങളിലെ വേലക്കാരികളെ റിക്രൂട്ട് ചെയ്യേണ്ടിവരികയാണെന്നും മറ്റൊരു സ്ഥാനപമുടമ ഇബ്രാഹീം അൽമാജിദ് പറഞ്ഞു.