Sorry, you need to enable JavaScript to visit this website.

അസമത്വം ഇല്ലാതാക്കാൻ മതത്തിന്റെ രാഷ്ട്രീയ  വ്യാഖ്യാനങ്ങൾ സ്വീകരിക്കാം -എം.എ. ബേബി

മലപ്പുറം- സമൂഹത്തിലെ അസമത്വത്തിനു വിരാമമിടാനും മുന്നേറ്റങ്ങൾക്കു വഴിയൊരുക്കാനും മതത്തിന്റെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾ സ്വീകരിക്കാമെന്നും മതവിശ്വാസവുമായി ഒരു മുഖാമുഖത്തിന്റെ സാധ്യതയുണ്ടെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. 
മലപ്പുറത്ത് സി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ. ദാമോദരൻ സ്മാരക ദേശീയ സെമിനാറിൽ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഭാവി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലധന ശക്തികളെ സഹായിക്കുന്ന രീതിയിൽ മത സ്വത്വ രാഷ്ട്രീയമാണ് ആർ.എസ്.എസ് മുന്നോട്ടു വെക്കുന്നത്. ഇതിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ ഇടതുപക്ഷത്തിനു ഉത്തരവാദിത്തമുണ്ട്. മൂലധന ശക്തികളുടെ കാര്യസ്ഥപ്പണിയാണ് കേന്ദ്ര സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യൻ രാഷ്ട്രീയത്തെ ഹൈന്ദവവൽക്കരിക്കാനും ഹൈന്ദവതയെ സൈനികവൽക്കരിക്കുകയുമെന്ന സവർക്കറുടെ ആശയമാണ് ആർ.എസ്.എസ് രാജ്യത്ത് നടപ്പാക്കുന്നത്. ഇതിനെയെല്ലാം നേരിടണമെങ്കിൽ ഇടതുപക്ഷത്തിന്റെ ആന്തരിക ശക്തി വർധിപ്പിക്കേണ്ടതുണ്ട്.

ഓരോ പാർട്ടികളും സംഘടനകളും തങ്ങളുടെ ശക്തി വർധിപ്പിക്കാൻ ഇടപെടണം. ഭൂതകാലത്തെ ആലോചിച്ച് ഊറ്റംകൊള്ളലല്ല ഇന്നിന്റെ ആവശ്യം. വർത്തമാനവും ഭാവിയുമാണ് പ്രധാനം. ഫ്യൂഡൽ കാലഘട്ടത്തിൽ മാത്രമല്ല, മുതലാളിത്ത കാലത്തു പോലും ജാതിയും മതവുമെല്ലാം ചൂഷണത്തിനുള്ള ഉപകരണമായി മാറുന്നു. ഇതിനെല്ലാം മാറ്റം വരേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിനെതിരായ പോരാട്ടത്തിൽ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഇടതുപക്ഷ ധാരകളെല്ലാം ഐക്യപ്പെടണമെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. ഇന്ത്യൻ ഇടതുപക്ഷത്തിന്റെ മുഖ്യശത്രു ആർ.എസ്.എസാണ്. ഇടതുപക്ഷത്തിന് കരുത്ത് പകരുന്ന ക്രിയാത്മക വിമർശനങ്ങളെ ഇടതുപക്ഷം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
മാർക്‌സിസത്തിന്റെ മാനവിക മുഖം തിരിച്ചറിയലാണ് വർത്തമാനകാല ഇടതുപക്ഷത്തിന്റെ ദൗത്യമെന്ന് ഹമീദ് ചേന്ദമംഗലൂർ പറഞ്ഞു. മതാത്മക ലോക വീക്ഷണത്തിനു പകരം മതേതരവും ഭൗതികാത്മകവുമായ ലോകവീക്ഷണത്തിലേക്കു ഇന്ത്യൻ ജനതയെ നയിക്കുന്നതിൽ ഇടതുപക്ഷത്തിനു വീഴ്ചയുണ്ടായി -ഹമീദ് ചേന്ദമംഗലൂർ പറഞ്ഞു.


രാജ്യത്തിന്റെ ചരിത്രത്തെ അപമാനകരമാം വിധം വക്രീകരിക്കുകയാണ് സംഘപരിവാർ ചെയ്യുന്നതെന്നു പ്രമുഖ ചരിത്രകാരിയും ജെ.എൻ.യു മുൻ ചരിത്ര അധ്യാപികയുമായ ഡോ. മൃദുല മുഖർജി അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞരുടെ മുന്നിൽ വെച്ച് ഗണേശ വിഗ്രഹത്തെ ചൂണ്ടിക്കാട്ടി പ്ലാസ്റ്റിക് സർജറിയും കൗരവരെ ഉദ്ധരിച്ച് ടെസ്റ്റ് ട്യൂബ് ശിശുവിനെ കുറിച്ചും പ്രസംഗിക്കുന്നത് അസംബന്ധമാണ്. ചരിത്രത്തെ വളെച്ചാടിച്ച് നെഹ്റുവും കോൺഗ്രസുമാണ് ഇന്ത്യാ വിഭജനത്തിനു ഉത്തരവാദി എന്നു കള്ളം പറയുന്നത് സ്വന്തം ചെയ്തികൾ മറച്ചുവെക്കാനാണെന്നും അവർ പറഞ്ഞു. ജുഡീഷ്യറി സ്വതന്ത്രവും നിക്ഷ്പക്ഷവുമാകണമെന്നു സെമിനാറിൽ സംസാരിച്ച സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. ഫാസിസ്റ്റുകൾ ജുഡീഷ്യറിയെ മാറ്റിമറിക്കാൻ നടത്തുന്ന ശ്രമങ്ങളെ മതേതര പുരോഗമന ശക്തികൾ സർവശക്തിയുപയോഗിച്ച് ചെറുത്ത് തോൽപിക്കണം. ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ ജുഡീഷ്യറിയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും ഉത്തരവാദപ്പെട്ടവർക്ക് കഴിയാതെ പോകുന്നു. പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർമാർ എന്നിവർ ഭരണഘടന മുന്നോട്ടു വെക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രകാശ് ബാബു ആവശ്യെപ്പട്ടു. സമ്പദ്‌വ്യവസ്ഥ രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴും കോർപറേറ്റുകൾക്ക് കൈയയഞ്ഞ സഹായമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്ലാനിംഗ് ബോർഡ് അംഗം രവി രാമൻ പറഞ്ഞു. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നു.

 

കോർപറേറ്റുകൾക്കായി ആറര ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. രാജ്യത്ത് തൊഴിൽ രാഹിത്യം വർധിച്ചു. ഇതെല്ലാം മറച്ചുവെക്കാൻ ഭരണഘടനയെ തകർക്കാനും മതവിരോധം വളർത്താനുമാണ് സർക്കാർ ശ്രമമെന്നും കോർപറേറ്റ് മുതലാളിത്തം വർധിച്ചു വരുന്ന കാലഘട്ടമാണെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് രാജ്യത്തിന്റെ പോക്കെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തിക ഘടനയുടെ നട്ടെല്ലായ ബാങ്കിംഗ് മേഖലകളിൽ പത്തു പൊതുമേഖലാ ബാങ്കുകളെ ലയനത്തിലൂടെ നാലായി മാറ്റി ആ മേഖലയെ ആകെ തകർക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അഡ്വ. കെ. മോഹൻദാസ്, അഡ്വ. പി.പി ബാലകൃഷ്ണൻ, എം.കെ മുഹമ്മദ് സലീം, പി. സന്തോഷ് കുമാർ, ഇ.സെയ്തലവി, സി.എച്ച് നൗഷാദ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. 


 

Latest News