ഗുവാഹത്തി- ആദ്യമായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയത് 1998ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണെന്ന് അസം മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് പറഞ്ഞു. വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കെയാണ് തടവുശിക്ഷ പൂര്‍ത്തിയാക്കിയ വിദേശികളെ പാര്‍പ്പിക്കാനായി തടങ്കല്‍ പാളയം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്- ഗൊഗോയ് പറഞ്ഞു. അസമിലും കര്‍ണാടകയിലും ഉള്‍പ്പടെ നിരവധി തടങ്കല്‍ കേന്ദ്രങ്ങളുണ്ട്. ഇതിനു പുറമെ പ്രധാനമന്ത്രി മോഡിയുടെ സ്വന്തം സര്‍ക്കാര്‍ തന്നെ 46 കോടി രൂപ അസമില്‍ മറ്റൊരു തടങ്കല്‍ പാളയം കൂടി നിര്‍മ്മിക്കാന്‍ അനുവദിക്കുകയും ചെയ്തു. ആരാണ് ഏറ്റവും വലിയ നുണയന്‍?- ഗോഗോയ് ചോദിച്ചു. ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങളില്ലെന്ന മോഡിയുടെ കള്ളത്തെ ഗൊഗോയ് പൊളിച്ചടുക്കി.
ഹിന്ദുക്കളും മുസ് ലിംകളുമായ എല്ലാ കുടിയേറ്റക്കാരേയും സ്വീകരിക്കാന്‍ ബംഗ്ലദേശ് തയാറായെങ്കില്‍ എന്തു കൊണ്ട് ഇവിടെ ഹിന്ദുക്കള്‍ക്ക് മാത്രം പൗരത്വം നല്‍കുമെന്ന നിലപാട് സ്വീകരിക്കുന്നു- ഗൊഗോയ് ചോദിച്ചു. ബംഗ്ലദേശി കുടിയേറ്റക്കാരെ അവരുടെ വീട്ടിലേക്കു തന്നെ അയക്കൂ. ഏറ്റെടുക്കുമെന്ന് ബംഗ്ലദേശ് അംഗീകരിച്ചതാണ്. പിന്നെ എന്തിനാണ് ഇവിടെ തടങ്കല്‍ പാളയങ്ങളും പൗരത്വ വിതരണവും അഭയ നല്‍കലും? ബംഗ്ലദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പീഡനങ്ങള്‍ ഇല്ല. അതു കൊണ്ട് തന്നെ പൗരത്വ നിയമ ഭേദഗതിയുടെ ആവശ്യമില്ല. ഇത് തിരുത്തിയാല്‍ മൊത്തം സാഹചര്യം സാധാരണ നിലയിലാകും- അദ്ദേഹം പറഞ്ഞു.