ന്യൂദൽഹി- നരേന്ദ്രമോഡിയുടെ കീഴിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയ ശേഷം പാക്കിസ്ഥാനിൽനിന്നുള്ള ഭീകരാക്രമണം കുറഞ്ഞുവെന്നും ഓരോ ദിവസവും പാക്ക് സൈന്യം വന്ന് ഇന്ത്യൻ സൈനികരുടെ തലയറുത്ത് പോകുന്ന സംഭവങ്ങൾ ഇല്ലാതായെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും മൻമോഹൻ സിംഗ് നേതൃത്വം നൽകിയ കേന്ദ്ര സർക്കാറിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനായില്ലെന്നും അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാനിൽനിന്നുള്ള ആലിയ മാലിയ ജമാലിയ എല്ലാ ദിവസവും ഇന്ത്യയിൽ വന്ന് ജവാൻമാരുടെ തലയറുക്കുകയായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. മോഡി അധികാരത്തിലെത്തിയ ശേഷം പാക്കിസ്ഥാന് മനസിലായി ഇത് കോൺഗ്രസ് സർക്കാറല്ലെന്ന്. മൻമോഹൻ സിംഗിനെ പോലെ മോഡി മൗനിയായിരുന്നില്ല. അൻപത്തിയാറ് ഇഞ്ച് നെഞ്ചളവുള്ള മോഡിയായിരുന്നു പ്രധാനമന്ത്രി. ഉറി, പുൽവാമ എന്നിവടങ്ങളിൽ അക്രമണം നടത്തി പാക്കിസ്ഥാൻ മണ്ടത്തരം കാണിച്ചു. പാക്കിസ്ഥാന്റെ ഭൂമിയിൽ കടന്ന് ഇന്ത്യ തിരിച്ചടിച്ചുവെന്നും അമിത് ഷാ അവകാശപ്പെട്ടു.