ഇത് ആദ്യമല്ല; കരസേനാ മേധാവി ജനറല്‍ റാവത്ത് ഇളക്കിവിട്ട അഞ്ചു വിവാദങ്ങള്‍ ഇങ്ങനെ 

ന്യൂദല്‍ഹി- കരസേന തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു.  പ്രതിപക്ഷ നേതാക്കളും മുന്‍ സൈനിക ഉദ്യോഗസ്ഥരുമടക്കം പലകോണുകളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ജനറല്‍ റാവത്തിനെതിരെ ഉണ്ടായി. ഡിസംബര്‍ 31ന് കരസേനാ മേധാവി പദവിയില്‍ നിന്ന് വിരമിക്കുന്ന റാവത്തിനെ മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ പ്രഥമ ഒറ്റ സേനാ മേധാവിയായി നിയമിക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെയാണിത്. 

വിവാദ പരമാര്‍ശങ്ങള്‍ നടത്തി ജനറല്‍ റാവത്ത് വിമര്‍ശനപാത്രമാകുന്നത് ഇത് ആദ്യമായിട്ടല്ല. 2016 ഡിസംബര്‍ 31ന് അദ്ദേഹം കരസേന തലവനായി ചുമതലയേറ്റ ശേഷം അദ്ദേഹം ചെന്ന് ചാടിയ അഞ്ച് വിവാദങ്ങള്‍ ഇവയാണ്.

2017ല്‍ വോട്ട് ചെയ്യാനെത്തിയ കശ്മീരി യുവാവിനെ പിടികൂടി ജീപ്പിനു മുന്നില്‍ കെട്ടിവച്ച് ജമ്മുകശ്മീരിലെ പ്രതിഷേധക്കാര്‍ക്കെതിരെ മനുഷ്യകവചമാക്കിയ വിവാദത്തില്‍പ്പെട്ട മേജര്‍ ലീതുല്‍ ഗോഗോയിക്ക് പ്രശംസാ പത്രം നല്‍കിയതാണ് ആദ്യത്തേത്. ഇത് രാജ്യത്തുടനീളം മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും രാഷ്ട്രീയ നേതാക്കളുടേയും വിമര്‍ശനത്തിനിടയാക്കയിരുന്നു. കഴിഞ്ഞ വര്‍ഷം, ഗോഗോയെ ശ്രീനഗറിലെ ഒരു ഹോട്ടല്‍ മുറിയില്‍ സ്ത്രീയോടൊപ്പം കണ്ടെത്തിയിരുന്നു. ഈ രണ്ടു സംഭവത്തിലും സൈനിക കോടതിയുടെ നടപടി നേരിട്ടയാളാണ് ഗൊഗോയ്. 

വികലാംഗരായ മുന്‍ സൈനികരുടെ പെന്‍ഷനെ കുറിച്ചും അദ്ദേഹം വിവാദ പരാമര്‍ശം നടത്തി. സൈനികര്‍ കൂടുതല്‍ സാമ്പത്തി നേട്ടം ഉണ്ടാക്കുന്നതിന് സൈനികര്‍ തങ്ങളെ തെറ്റായി വികലാംഗര്‍ എന്ന് വിശേഷിപ്പിക്കുന്നുവെന്നും വൈകല്യത്തെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പിന്നീട് പ്രതിരോധ മന്ത്രി ഈ ഉത്തരവ് പിന്‍വലിച്ചു.

2017-ല്‍ ജമ്മുകശ്മീരില്‍ കല്ലെറിഞ്ഞ് പ്രതിഷേധിക്കുന്നവര്‍ കല്ലിന് പകരം വെടിവച്ചിരുന്നുവെങ്കില്‍ താന്‍ സന്തോഷവാനാകുമായിരുന്നുവെന്ന് റാവത്ത് പറഞ്ഞു. അപ്പോള്‍ തനിക്ക് ഇഷ്ടമുള്ളത് തിരിച്ച് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

വിരമിച്ച സൈനികരെ നിയന്ത്രിക്കുന്നതിന് ചട്ടം നിര്‍ദ്ദേശിച്ചതും വിമര്‍ശനം ക്ഷണിച്ചുവരുത്തി. പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള നിര്‍ദ്ദേശം വരെ ചട്ടത്തിലുണ്ടായിരുന്നു.

യുദ്ധ രംഗങ്ങളില്‍ വനിതകളെ നിയോഗിക്കുന്നതിനെ കുറിച്ചും അദ്ദേഹം വിവാദ പരാമര്‍ശം നടത്തി. സ്ത്രീകള്‍ തങ്ങളുടെ ടെന്റുകളില്‍ വസ്ത്രം മാറുമ്പോള്‍ പുരുഷന്‍മാര്‍ ഉളിഞ്ഞുനോക്കിയാല്‍ പരാതികള്‍ക്ക് ഇടയാക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
 

Latest News