ന്യൂദല്‍ഹി- ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കടുത്ത ചട്ടങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. മോഡി സര്‍ക്കാര്‍ കോര്‍പറേറ്റ് കമ്പനിളേയും ഇടത്തരം ബിസിനസുകാരേയും പൊറുതിമുട്ടിക്കുന്ന നികുതി ഭീകരതയുമായി മുന്നോട്ടു പോകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ജി എസ് ടി റിട്ടേണ്‍സ് ഫയല്‍ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്ന പുതിയ ഭീഷണി. കൂടാതെ വസ്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്യും. ഒരു കോടിയലധികം വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ചട്ടം ബാധകമാകുക.
ജിഎസ്ടി കുടിശിക വരുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് കേന്ദ്ര പ്രത്യക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിന്റെ തീരുമാനം. ജി എസ് ടി ആര്‍-3എ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതിക്ക് മൂന്ന് ദിവസം മുമ്പ് ബോര്‍ഡ് സൂചന നല്‍കി തുടങ്ങി. എല്ലാ മാസവും 20-ാം തിയതിയാണ് ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി. അവസാന തിയതി കഴിഞ്ഞാല്‍ കുടിശിക വരുത്തിയവര്‍ക്ക് ഒരു സന്ദേശം ലഭിക്കും. ഈ സന്ദേശം, കമ്പനിയുടെ ഡറക്ടര്‍മാര്‍, സ്ഥാപകര്‍, പങ്കാളികള്‍ തുടങ്ങിയവര്‍ക്കെല്ലാം ലഭിക്കും. അവസാന തിയതി കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം 15 ദിവസത്തിനുള്ളില്‍ ജി എസ് ടി ആര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഒരു ഇ-നോട്ടീസ് അയക്കും. എന്നിട്ടും പ്രതികരണമുണ്ടായില്ലെങ്കില്‍ നികുതി ഉദ്യോഗസ്ഥര്‍ നികുതി കുടിശിക കണക്കാക്കും. തുടര്‍ന്ന് ജപതി നടപടികള്‍ ആരംഭിക്കും.