വാഷിങ്ടണ്‍- നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ ബാധിക്കുമെന്ന് അമേരിക്കയുടെ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) റിപോര്‍ട്ട്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് പൗരത്വം നല്‍കുന്ന പ്രക്രിയയില്‍ മതത്തെ ഒരു ഘടകമാക്കുന്നതെന്ന് ഡിസംബര്‍ 18നു പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പറയുന്നു. യുഎസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സി ആര്‍ എസ്. ആഭ്യന്തര, ആഗോള പ്രധാന്യമുള്ള വിഷയങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസ് സഭാംഗങ്ങള്‍ക്ക് നല്‍കുകയാണ് സി ആര്‍ എസ് ചെയ്യുന്നത്.
20 കോടിയോളം മുസ്ലിങ്ങളെയാണ് പൗരത്വ നിയമവും രജിസ്റ്ററും ബാധിക്കുക. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ആദ്യമായിട്ടാണ് സി ആര്‍ എസ് പഠനം നടത്തുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതപരമായ വിവേചനം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മതവിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യയുടെ 1955-ലെ പൗരത്വ നിയമ പ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കില്ല. 1955-ന് ശേഷം അനവധി ഭേദഗതികള്‍ വന്നിട്ടുണ്ടെങ്കിലും ഒന്നിലും മതമൊരു ഘടകമായില്ലെന്ന് രണ്ട് പേജുള്ള റിപ്പോര്‍ട്ട് പറുന്നു.
ഇന്ത്യയുടെ ഭരണഘടനയിലെ 14, 15 വകുപ്പുകളുടെ ലംഘനമാണ് പുതിയ ഭേദഗതി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ഒഴിച്ചുള്ള മറ്റ് അയല്‍രാജ്യങ്ങളിലെ മതപീഡനത്തെക്കുറിച്ച് നിയമം പ്രതിപാദിക്കുന്നില്ല. ബുദ്ധ മതം ഔദ്യോഗിക മതമായ ശ്രീലങ്കയില്‍ തമിഴ് ഹിന്ദുക്കള്‍ പീഡനത്തിനിരയാകുന്നു. ബുദ്ധമതത്തിന് സ്വാധീനമുള്ള ബര്‍മയില്‍ രോഹിന്‍ഗ്യ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നു. കൂടാതെ പാകിസ്താനില്‍ മുസ്‌ലിംകളിലെ ന്യൂനപക്ഷമായ അഹമ്മദിയ, ഷിയാ വിഭാഗങ്ങളും പീഡനത്തിന് ഇരയാകുന്നു. എന്നാല്‍ ഇവരെ പൗരത്വ ഭേദഗതി നിയമം ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമല്ല.