തിരുവനന്തപുരം- കേരളത്തിൽ തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ നീക്കം നടക്കുന്നുവെന്നത് വ്യാജ പ്രചാരണമാണന്ന്. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശികളെ താമസിപ്പിക്കാൻ കേരളത്തിൽ പണിയുന്ന കെട്ടിടങ്ങൾ തടങ്കൽ പാളയങ്ങൾ എന്ന് വ്യാജ പ്രചാരണം നടത്തുകയാണെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. വിവിധ ജയിലുകളിൽ പലവിധ കാരണങ്ങളാൽ കഴിയുന്ന വിദേശികളെ ജയിൽ അന്തരീക്ഷത്തിൽ നിന്നും മാറ്റിപ്പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളാണ് തയ്യാറാക്കുന്നതെന്നും ഇതിനെ ഡിറ്റൻഷൻ സെന്ററുകൾ തയ്യാറാകുന്നു എന്ന് പറഞ്ഞ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നതെന്നാണ് ഇടതുകേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
എൻ.ആർ.സിയെ തുടർന്ന് പൗരന്മാരല്ലാതാക്കപ്പെടുന്നവർക്ക് വേണ്ടിയുള്ള വലിയ തോതിലുള്ള ഡിഷ് ഡിറ്റൻഷൻ സെന്ററുകൾ അല്ല കേരളത്തിൽ നിർമിക്കുന്നത്. പല കാരണങ്ങളാൽ, ജാമ്യത്തിലെടുക്കാൻ ആളില്ലാത്തതിനാലോ, സ്വന്തം രാജ്യത്തുനിന്ന് രേഖകൾ തരപ്പെടുത്താൻ സാധ്യമാകാത്തതിനാലോ ഇപ്പോഴും ജയിലിൽ കഴിയുന്നു വിദേശികളുണ്ട്. അങ്ങനെയുള്ളവർക്ക് വേണ്ടി ചെറിയ തോതിലുള്ള ഒരു ഡിറ്റൻഷൻ (ട്രാൻസിറ്റ്) സെന്ററുകളാണ് നിർമ്മിക്കുന്നത്. എൻആർസിയെ തുടർന്നുള്ള ആയിരക്കണക്കിന് ആളുകളെ പാർപ്പിക്കാൻ ഇത് അപര്യാപ്തവുമാണ്. മുപ്പതും മുപ്പത്തഞ്ചും പേർക്കുള്ള ഡിറ്റൻഷൻ സെൻററുകൾ മറ്റ് സംസ്ഥാനങ്ങൾ പണികഴിപ്പിച്ചതും ഇതേ ആവശ്യങ്ങൾക്ക് തന്നെയാണ്.
വിസ കാലാവധി കഴിഞ്ഞവരും അനധികൃതമായി രാജ്യത്ത് വന്നു പിടിക്കപ്പെട്ട വിദേശികളെ അവരുടെ നിയമനടപടി കഴിഞ്ഞു തിരിച്ചുപോകുന്നതുവരെ താമസിപ്പിക്കാൻ ആധുനിക സജ്ജീകരങ്ങളോടെ പണിയുന്ന കെട്ടിടങ്ങളാണിവ. സാമൂഹ്യനീതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്തയിൽ തന്നെ പറയുന്നത് വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായി ജയിലിലുള്ള വിദേശികളെ പാർപ്പിക്കാൻ പ്രത്യേകസംവിധാനം വേണമെന്ന കത്ത് സാമൂഹ്യനീതി വകുപ്പിലേക്കാണ് നടപടികൾക്കായി നൽകിയെന്നാണ്. അവർ എണ്ണം ചോദിച്ച് ആഭ്യന്തരവകുപ്പിലേക്ക് കുറെ കത്തുകളയച്ചു. ഇതുവരെ ആരും ഒരു മറുപടിയും നൽകിയില്ല. അതങ്ങനെ ഒരു നടപടിയുമാകാതെ കിടക്കുകയാണ്.
2015 ൽ ബംഗ്ലാദേശ് സ്വദേശിയായ സഹബുളിന്റെ കേസ് പരിഗണിച്ച് ഹൈക്കോടതി വിദേശികൾക്കായി ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനെപ്പറ്റി തന്നെ സർക്കാരിനോട് ആരാഞ്ഞിട്ടുണ്ട്. സഹബുളിനെ വിയ്യൂർ ജയിലിലാണ് താമസിപ്പിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ കേരളത്തിൽ വിദേശികൾക്കായി താമസസൗകര്യം ഇല്ലാത്തത് മോശമാണെന്ന് കോടതി അന്ന് പറഞ്ഞിരുന്നു.