ലഖ്‌നൗ - പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലും പോലീസ് നടപടിയിലും ഇരുപത് പേർ കൊല്ലപ്പെട്ട ഉത്തർ പ്രദേശിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. ഇന്ന് വെള്ളിയാഴ്ച ആയതിനാൽ ജുമുഅ നമസ്‌കാരത്തിനുശേഷം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് കണക്കിലെടുത്താണ് നടപടി. സംസ്ഥാനത്ത് ഇന്റർനെറ്റ് വിഛേദിച്ചിട്ടുമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷമാണ് സംസ്ഥാനത്ത് പല നഗരങ്ങളിലും പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. ഇന്നും അത്തരം സാഹചര്യമുണ്ടാകുമെന്ന് മുന്നിൽ കണ്ടാണ് മിക്ക പട്ടണങ്ങളിലും സുരക്ഷ ശക്തമാക്കിയത്. സംസ്ഥാന പോലീസിനുമുപുറമെ, സൈന്യവും, ദ്രുത കർമസേനയും വിവിധ നഗരങ്ങളിൽ റോന്തുചുറ്റി.
അതിനിടെ, കഴിഞ്ഞയാഴ്ചയുണ്ടായ പ്രതിഷേധത്തിലും അക്രമത്തിലും പൊതുമുതൽ നശിപ്പിച്ചത് കണക്കിലെടുത്ത്, നഷ്ടപരിഹാരം ഈടാക്കാനുള്ള ശക്തമായ നടപടികളുമായി യു.പി പോലീസ് മുന്നോട്ട് പോവുകയാണ്. ഇതിനകം 372 പേർക്കാണ് വസ്തുവകകൾ കണ്ടുകെട്ടുമെന്നറിയിച്ച് പോലീസ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ വെള്ളിയാഴ്ചത്തെ പ്രതിഷേധത്തിലും പോലീസ് നടപടിയിലുമായി 19 പേരാണ് മരിച്ചതെന്ന് യു.പി പോലീസ് വെളിപ്പെടുത്തി. 288 പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ 61 പേരുടെ പരിക്ക് വെടികൊണ്ടാണെന്നും പോലീസ് പറയുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൊത്തത്തിൽ 327 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1,113 പേരെ അറസ്റ്റ് ചെയ്തു. 5558 പേരെ മുൻകരുതലായി കസ്റ്റഡിയിലെടുത്തു.
വസ്തുക്കൾ കണ്ടുകെട്ടാൻ മൊറാദാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് നോട്ടീസ് നൽകിയത്, 200. ലഖ്‌നൗവിൽ 110ഉം, ഗോരഘ്പുരിൽ 34ഉം, ഫിറോസാബാദിൽ 29ഉം പേർക്ക് നോട്ടീസ് നൽകി. സംഭാൽ ജില്ലയിൽ 26 പേർക്കും. സംഭാലിൽ 55 പേർക്ക് അക്രമങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. കാൺപൂരിൽ നടന്ന അക്രമങ്ങൾക്കു പിന്നിൽ കശ്മീരികളും, ബംഗ്ലാദേശികളുമാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായും പോലീസ് വെളിപ്പെടുത്തി.
അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിൽ നിരോധനാജ്ഞ ലംഘിച്ച് മെഴുകുതിരി തെളിച്ച് പ്രകടനം നടത്തിയതിന് വിദ്യാർഥികളും, അധ്യാപകരും, അധ്യാപകേതര ജീവനക്കാരുമടക്കം 1200ഓളം പേർക്കെതിരെ കേസെടുത്തു.
പ്രതിഷേധക്കാർക്കുനേരെ തങ്ങൾ വെടിവെച്ചില്ലെന്ന് യു.പി പോലീസ് പറയുമ്പോഴും, അതിനു വിരുദ്ധമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട പലർക്കും വെടിയേറ്റിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ സ്വരക്ഷക്കുവേണ്ടി തങ്ങൾ തിരിച്ചു വെടിവെക്കുകയായിരുന്നുവെന്നാണ് പിന്നീട് പോലീസ് പറഞ്ഞത്.