പൗരത്വ ഭേദഗതി ബില്ല് നിയമമായിട്ട് ആഴ്ചകൾ പിന്നിടുകയാണ്. അതിനെതിരെ തെരുവിലെ പ്രതിഷേധങ്ങൾക്കും അത്ര തന്നെ ആയുസ്സുണ്ട്.
രാജ്യത്തെ തെരുവുകളിലെമ്പാടും അതിന്റെ ജ്വാല പടരുകയുമാണ്. 2019 ഡിസംബർ പത്തിന് ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭ കടന്നത് പിറ്റേന്നായിരുന്നു.
രാഷ്ട്രപതി ഒപ്പുവെക്കുക കൂടി ചെയ്തതോടെ പ്രതിഷേധങ്ങളും അണപൊട്ടുകയായിരുന്നു. ജാമിഅ മില്ലിയ്യ അടക്കമുള്ള സർവകലാശാലകളിൽ വിത്ത് വീണ തെരുവിലെ പ്രതിഷേധം ദിനരാത്രങ്ങൾ കഴിയുന്തോറും ശക്തമാവുകയായിരുന്നു.കൃത്യമായൊരു സംഘടിത സ്വഭാവമില്ലാതെയായിരുന്നു ആദ്യത്തെ ഏഴു നാളിലും പ്രതിഷേധം മുന്നോട്ടു പോയത്. രാജ്യത്തെ കലാലയങ്ങളായിരുന്നു പ്രതിഷേധങ്ങളുടെയെല്ലാം ശക്തി സ്രോതസ്സ്. എന്നാൽ ഏഴാംനാൾ പ്രതിഷേധം ശക്തി പ്രാപിച്ചതോടെ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്ക് ഒരു നായകൻ ഉയിരെടുത്തു.
ഉത്തർപ്രദേശിലെ സഹറാൻപൂരിനടുത്ത ചുഠ്മാൽപുർ ഗ്രാമത്തിൽ നിന്നുള്ള ഒരു മുപ്പത്തിമൂന്നുകാരൻ.ചന്ദ്രശേഖർ ആസാദ് എന്ന ക്ഷുഭിത യൗവനങ്ങളുടെ രാവണൻ. എത്ര പെട്ടെന്നാണയാൾ അടങ്ങാത്ത പ്രതിഷേധാഗ്നിയിൽ തളരാത്ത പോർമുഖത്ത് വീര നായകനായി മാറിക്കഴിഞ്ഞത്.
മുകളിലേക്ക് പിരിച്ചുവച്ച മേൽമീശ, മുഖത്തെ സൺഗഌസ്, റോയൽ എൻഫീൽഡ് മോട്ടോർ ബൈക്കിന്റെ രാജകീയ പ്രൗഢി. ചന്ദ്രശേഖർ ആസാദ് എന്ന രാവണനിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിൽ ഒരു പ്രധാന ഘടകം ഈ ഗ്ലാമർ പരിവേഷമാണെന്ന് ആരോപിക്കുന്നവർ ഉണ്ടായിരുന്നു മുമ്പ്.
എന്നാൽ ഇന്ന് അതല്ല കഥ.പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽനിന്നു പിന്മാറാതെ പതിനായിരങ്ങൾ തലസ്ഥാന നഗരിയിൽ തെരുവിലിറങ്ങുമ്പോൾ ഗ്ലാമർ പരിവേഷത്തിനപ്പുറം വിപ്ലവ വീര്യം കൂടിയ ആ യുവാവിനൊപ്പം വലിയ കൂട്ടം യുവത്വം ഒരുമിക്കുന്ന കാഴ്ചയാണ് ദിവസങ്ങളായി ചന്ദ്രശേഖർ ആസാദ് രാജ്യത്തിന് കാട്ടിത്തരുന്നത്.
സൈബർ ഇടങ്ങളിൽ മാത്രമല്ല തെരുവിലും ദൽഹിയിലെ പള്ളിമുറ്റത്തും അയാൾക്കു പിന്നിൽ ജനത അണിനിരക്കുകയായിരുന്നു.വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് ദൽഹിയിൽ പ്രതിഷേധ റാലി പ്രഖ്യാപിച്ച ചന്ദ്രശേഖർ ആസാദിനെ ജുമാ മസ്ജിദിന് പുറത്തുവെച്ച് പോലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങൾ എത്തിയതോടെ പോലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളിൽ നിന്നും ടെറസുകളിലേക്ക് ചാടിയാണത്രേ ആൾക്കൂട്ടത്തിനു മുമ്പിൽ പിന്നെ പ്രത്യക്ഷപ്പെട്ടത്.
ജുമാ മസ്ജിദിൽ നിന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇത് വകവെക്കാതെയാണ് സംഘടിത പ്രതിഷേധത്തിന് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകിയത്. ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടിയും മുദ്രാവാക്യങ്ങൾ വിളിച്ചുമായിരുന്നു പ്രതിഷേധം.''ഞാനിവിടെ വന്നത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ്. സഹോദരങ്ങൾ വിയർപ്പൊഴുക്കുമ്പോൾ ഞങ്ങൾ രക്തം നൽകും. അഥവാ പോലീസിന്റെ ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങുന്ന ആള് ഞാനായിരിക്കും'' പതിനായിരങ്ങളുടെ ഹർഷാവരങ്ങൾക്കിടെ ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു. രാഷ്ട്രീയക്കാരന്റെ പതിവ് ശൈലികളെല്ലാം തെറ്റിച്ച് മോഡിയെ വെല്ലുവിളിച്ച് മുന്നേറുകയാണ് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ചുഠ്മാൽപുർ ഗ്രാമത്തിലുള്ള ഒരു വീടിന്റെ ചുവരിൽ കുറിച്ചു വെച്ചിരിക്കുന്ന ഒരു വാചകമുണ്ട്. 'പോകൂ,നിങ്ങളുടെ വീടിന്റെ ചുമരിൽ എഴുതി വെക്കൂ നമ്മളാണ് ഈ രാജ്യം ഭരിക്കുന്നത്'.
ഡോ.ബി.ആർ.അംബേദ്കറുടെ ഏറെ പ്രസിദ്ധമായ ഈ ഉദ്ധരണി എഴുതിച്ചേർത്തിരിക്കുന്ന ഭിത്തി ചന്ദ്രശേഖർ ആസാദ് എന്ന ഭീം ആർമി നേതാവിന്റെ വീടിന്റേതാണ്.
ചുഠ്മാൽപുർ ഗ്രാമത്തിൽ നിന്നും പോരാട്ട വീര്യം കൊണ്ടാണ് ആസാദ് ഇന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്.
ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് 'ഭീം ആർമി' രൂപീകരിക്കുന്നത്. ഡോ.ബി.ആർ.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകൻ കൻഷി റാമിന്റെയും ആശയങ്ങളും പ്രവർത്തനങ്ങളുമായിരുന്നു പ്രചോദനം.
കോളേജിൽ കുടിവെള്ളത്തിനും വൃത്തിയുള്ള ബെഞ്ചുകൾക്കും വേണ്ടി ദളിത് യുവാക്കൾ നേരിടേണ്ടിവന്ന വിവേചനത്തിന്റെ ഫലമായി പിറവി കൊണ്ട പ്രസ്ഥാനമാണ് ആസാദിന്റെ ഭീം ആർമി.
എഎച്ച്പി കോളേജിലെ ഠാക്കൂർ വിദ്യാർത്ഥികൾ കുടിവെള്ളത്തിന്റെ പേരിൽ ദളിത് വിദ്യാർത്ഥികളെ ആക്രമിച്ചതാണ് ഭീം ആർമിയുടെ തുടക്കത്തിന് കാരണമായത്. ഠാക്കൂർ വിദ്യാർത്ഥികൾ കുടിക്കുന്നതിന് മുമ്പേ വെള്ളം കുടിച്ചതിനാണ് ദളിത് വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടത്.
ദളിത് വിദ്യാർത്ഥികൾ അപമാനിക്കപ്പെടുകയും ക്ലാസ് മുറിയിൽ ഠാക്കൂർ വിദ്യാർത്ഥികൾ ഇരിക്കുന്ന ബെഞ്ചുകൾ തുടയ്ക്കാൻ ഇവർ നിർബന്ധിതരാവുകയും ചെയ്തു. ഈ പ്രശ്നത്തോടെയാണ് ഭീം സേന രൂപീകരിക്കപ്പെട്ടത്.
2017 ൽ സഹറാൻപുരിൽ ദളിതരും ഠാക്കൂർമാരും തമ്മിൽ ഏറ്റുമുട്ടിയതോടെ ഭീം ആർമി ദേശീയശ്രദ്ധയിലേക്കെത്തി. സംഘർഷത്തെത്തുടർന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 മാസം ആസാദ് ജയിലിൽ കിടന്നു.
പുറത്തു വന്നപ്പോൾ ആസാദ് പഴയതിലും കരുത്തനായി.പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച യുവശബ്ദം, ദളിത് പ്രതിനിധി എന്ന നിലയിൽ ബി.എസ്.പി നേതാവ് മായാവതിയെപ്പോലും അസ്വസ്ഥയാക്കുന്ന സാന്നിധ്യം, ലക്ഷക്കണക്കിന് ആരാധകരുള്ള രാവൺ, അങ്ങനെ പല വിശേഷണങ്ങളാണ് കഴിഞ്ഞ നാലഞ്ച് വർഷമായി ചന്ദ്രശേഖർ ആസാദ് നേടിയെടുത്തത്.
മനുഷ്യാവകാശ ലംഘനവും ചൂഷണങ്ങളും നേരിടേണ്ടിവരുന്ന ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി പൊതുധാരയിൽ തന്റെ സ്ഥാനമുറപ്പിക്കാൻ ആസാദിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
താനുൾപ്പെടുന്ന ജനവിഭാഗം ദിവസേന നേരിടേണ്ടിവരുന്ന ജാതിവിവേചനത്തിലാണ് ആസാദിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ. ലഖ്നൗ സർവകലാശാലയിൽ നിന്നാണ് ആസാദ് നിയമ ബിരുദം നേടിയത്.
'ഞങ്ങൾ സമാധാനത്തിൽ വിശ്വസിക്കുന്നു. എന്നു കരുതി ഞങ്ങൾ ഭീരുക്കളല്ല. ചെരിപ്പുകളുണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം, അതുപയോഗിച്ച് ആളുകളെ എറിയാനും അറിയാം.' ആസാദ് പറയുമ്പോൾ പ്രതിഫലിക്കുന്നത് അടിച്ചമർത്തലിനെതിരായ ഒരു ജനതയുടെ രോഷമാണ്.