ബിജിനോർ- പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മുസ്ലിംകളുടെ വീടുകൾ സന്ദർശിക്കില്ലെന്ന് യു.പി മന്ത്രി. മന്ത്രി കപിൽ ദേവ് അഗർവാളാണ് കൊല്ലപ്പെട്ടവർ കലാപകാരികളാണെന്നും അവരുടെ വീടുകൾ സന്ദർശിക്കില്ലെന്നും പ്രഖ്യാപിച്ചത്. പ്രതിഷേധത്തിനിടെ പരിക്കേറ്റ ഓം രാജ് സൈനിയുടെ വീട്ടിൽ മന്ത്രി സന്ദർശനം നടത്തുകയും ചെയ്തു. എല്ലാവർക്കും തുല്യ വികസനം എന്ന ഗവൺമെന്റിന്റെ പ്രചാരണത്തിന് എതിരല്ലേ മുസ്ലിം വീടുകൾ സന്ദർശിക്കാത്തത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഞാനെന്തിന് കലാപകാരികളുടെ വീടുകളിൽ പോകണം, അവരെ എങ്ങിനെ സമൂഹത്തിന്റെ ഭാഗമായി കാണും എന്നായിരുന്നു മന്ത്രിയുടെ തിരിച്ചുള്ള ചോദ്യം. പ്രക്ഷോഭകരാണ് തന്നെ വെടിവെച്ചത് എന്നായിരുന്നു പരിക്കേറ്റ ഓം രാജ് സൈനിയുടെ ആരോപണം. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകൾ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു.