ബംഗളൂരു- അനധികൃത കുടിയേറ്റക്കാരെ പിടികൂടി തടവിലിടാനുള്ള കര്‍ണാടകയിലെ ആദ്യ തടങ്കല്‍ കേന്ദ്രം ബംഗളൂരുവില്‍ ബുധനാഴ്ച ബിജെപി സര്‍ക്കാര്‍ തുറന്നു. ഇന്ത്യയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള ഒരു തടങ്കല്‍ പാളയം പോലുമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പച്ചക്കള്ളം തുറന്നു കാട്ടുന്നതാണ് കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ ഈ നീക്കം. ബംഗളൂരു നഗരത്തിനടുത്ത സൊണ്ടെകൊപ്പയിലാണ് പുതിയ തടങ്കല്‍ കേന്ദ്രം. നേരത്തെ പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന 20 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് സര്‍ക്കാര്‍ തടങ്കല്‍ പാളയമാക്കി മാറ്റിയത്. ഇവിടെ നിരവധി മുറികളും ശുചിമുറികളും അടുക്കളുമുണ്ട്. ജനുവരി ഒന്നിനകം സെന്‍ട്രല്‍ റിലീഫ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശമെന്ന് സാമൂഹ്യക്ഷേമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍ ഈ കേന്ദ്രം ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ പാര്‍പ്പിക്കാനുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇന്ത്യയില്‍ അനധികൃതമായി തങ്ങുകയും മയക്കുമരുന്ന് കള്ളക്കടത്തിലേര്‍പ്പെടുകയും ചെയ്യുന്ന ആഫ്രിക്കക്കാരെ തടവിലിടാനുള്ളതാണ് ഈ തടങ്കല്‍ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു.