ന്യൂദല്‍ഹി- കോളിളക്കമുണ്ടാക്കിയ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) ഇപ്പോള്‍ സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്ന മോഡി സര്‍ക്കാരിന്റെ പുതിയ വാദം തന്ത്രപരമായ നീക്കമാണെന്നും ഇതു വിശ്വസനീയമല്ലെന്നും ജെഡിയു നേതാവും തെരഞ്ഞെടുപ്പു തന്ത്രജ്ഞനുമായ പ്രശാന്ത് കിശോര്‍. എന്‍ആര്‍സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ ശക്തിപ്രാപിച്ച സമരത്തില്‍ മുഖം രക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ താല്‍ക്കാലിക നിലപാട് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതി വിധി വരാനായി സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. അനുകൂല വിധി വരുന്നതോടെ ഇതെല്ലാം സര്‍ക്കാര്‍ തിരിച്ചു കൊണ്ടുവരും- പ്രശാന്ത് പറഞ്ഞു.
എന്‍ആര്‍സി എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിലും പുറത്തും പലതവണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിയപ്പോഴാണ് എന്‍ആര്‍സി നടപ്പിലാക്കുന്നതിനെ പറ്റി ചര്‍ച്ച നടത്തിയിട്ടില്ലെന്ന വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തു വന്നത്. പിന്നീട് ഷായും മോഡിയുടെ വാദം ആവര്‍ത്തിച്ചു. എന്നാല്‍ ഈ നീക്കം മോഡി സര്‍ക്കാരിന്റെ തന്ത്രപരമായ പിന്‍മാറ്റം മാത്രമണെന്നും ദേശവ്യാപക എന്‍ആര്‍സി നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും പ്രശാന്ത് കിശോര്‍ ചൂണ്ടിക്കാട്ടി.
വിവാദ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി)യും ഒന്നിച്ച് നടപ്പിലാക്കുമ്പോള്‍ അത് രാജ്യത്ത് മാരക പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രശാന്ത് നേരത്തെ ചൂണ്ടിക്കായിരുന്നു. കിഷോറിന്റെ ഈ നിലപാട് കാരണമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെഡിയുവിനും അധ്യക്ഷന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും നിലപാടു മാറ്റേണ്ടി വന്നത്.
പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ഒന്നിച്ചു നടപ്പിലാക്കുന്നതോടെ ഇന്ത്യക്കാരായ മുസ്ലിംകളുടെ പൗരത്വം പ്രതിസന്ധിയിലാകുമെന്നും അവര്‍ നിരന്തര ഭരണകൂട പീഡനത്തിന് ഇരയാകുമെന്നുമുള്ള ആശങ്ക നിലനില്‍ക്കുകയാണ്. ഇത് അകറ്റാന്‍ മോഡി സര്‍ക്കാരിനു ഇതുവരെ സാധിച്ചിട്ടില്ല.