ലഖ്‌നൗ- യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോലീസ് മനുഷ്യത്വ രഹിതമായ നടപടികൾ തുടരുന്നു. പതിനാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അച്ഛനെയും അമ്മയെയുമാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചുവെന്ന് ആരോപിച്ച് യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. അറസ്റ്റിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നെങ്കിലും പരിഗണിക്കാൻ പോലീസ് തയ്യാറായിട്ടില്ല. വരാണസിയിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റുകളായ ഏക്്താ, രവി ശേഖർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വായു മലിനീകരണത്തിന് എതിരെ പ്രവർത്തിക്കുന്ന ക്ലൈമറ്റ് അജണ്ട എന്ന എൻ.ജി.ഒയുടെ സാരഥികൾ കൂടിയാണ് ഇവർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായുമലിനീകരണം നേരിടുന്ന നഗരങ്ങളിലൊന്നാണ് വരാണസി. ഡിസംബർ 19ന് ഇടതുപാർട്ടികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഇവരുടെ പതിനാല് മാസം പ്രായമുള്ള ആര്യ ബന്ധുക്കളുടെ പരിചരണത്തിലാകുകയായിരുന്നു.
തന്റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സമാധനപരമായി സമരത്തിൽ പങ്കെടുത്തതിന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും രവി ശേഖറിന്റെ അമ്മ ഷീല തിവാരി പറഞ്ഞു. ഒരു കുട്ടി അമ്മയില്ലാതെ എങ്ങിനെയാണ് ജീവിക്കുന്നത് എന്ന് സങ്കൽപ്പിക്കാനാകുമോ. അ്ച്ഛാ വരൂ, അമ്മേ വരൂ എന്ന് കരഞ്ഞ് ആര്യ ഭക്ഷണം പോലും പലപ്പോഴും കഴിക്കാറില്ലെന്നും ഷീല തിവാരി പറയുന്നു. പ്രദേശത്ത് നിയമവിരുദ്ധമായി സംഘം ചേർന്നതിനാണ് അറസ്റ്റ് ചെയ്തത് എന്ന ന്യായീകരണം തന്നെയാണ് പോലീസ് ഇപ്പോഴും ഉന്നയിക്കുന്നത്. ഇവിടെ പോലീസ് നടപടിക്കെതിരെ ഒരു എട്ടുവയസുകാരൻ കൊല്ലപ്പെട്ടിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റഇയിലെ വിദ്യാർഥികളടക്കം നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിട്ടുണ്ട്.