ന്യൂദല്‍ഹി- ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍പിആര്‍) പൗരത്വ പട്ടിക (എന്‍ആര്‍സി) തയാറാക്കുന്നതിനു വേണ്ടിയുള്ള വിവര ശേഖരണ നീക്കമാണെന്നും ഇത് തടയണമെന്നും എഴുത്തുകാരിയും പൗരാവകാശ പോരാളിയുമായ അരുന്ധതി റോയ് ആഹ്വാനം ചെയ്തു. എന്‍പിആറിനു വേണ്ടി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടി വരുമ്പോള്‍ പേരുവിവരങ്ങള്‍ തെറ്റായി നല്‍കി ഈ നീക്കം പൊളിക്കണമെന്നും അവര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിവരം ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ക്ക് രംഗ ബില്ല, കുങ്ഫു കട്ട എന്നതു പോലുള്ള പേരുകള്‍ നല്‍കുക- അരുന്ധതി പറഞ്ഞു. വീട്ടു വിലാസമായി ആളുകള്‍ 7, റെയ്‌സ് കോഴ്‌സ് (പ്രധാനമന്ത്രിയുടെ വസതി) എന്ന വിലാസം നല്‍കിയാല്‍ മതിയെന്നും അരുന്ധതി പരിഹസിച്ചു. ദേശീയ പൗരത്വ പട്ടിക ഇന്ത്യയിലെ മുസ്ലിംകളെ മാത്രം ഉന്നമിട്ടാണ്. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍ തുടങ്ങി ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് പോലുള്ള രേഖകളെല്ലാം പരിശോധിക്കും. ഇത് എന്‍ആര്‍സിക്കു വേണ്ടിയുള്ള വിവര ശേഖരം തയാറാക്കാനാണ്. ഇതിനെതിരെ പൊരുതി ഈ നീക്കം അവസാനിപ്പിക്കേണ്ടതുണ്ട്- അവര്‍ പറഞ്ഞു.