ബിക്കാനീര്‍- മയിലുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കര്‍ഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബിക്കാനീറിലെ സെരുനാ ഗ്രാമത്തിലാണ് സംഭവം. വിഷം കലര്‍ന്ന ധാന്യം കഴിച്ചതാണ് മയിലുകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണം എന്നാണ് പൊലീസ് ഭാഷ്യം.
കാര്‍ഷിക വിള സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഷമുള്ള ധാന്യമണികള്‍ വിതറിയതെന്നാണ് കര്‍ഷകനായ ദിനേശ് പൊലീസിന് നല്‍കിയ വിശദീകണം. പക്ഷികള്‍ വന്ന് വിള തിന്നാതിരിക്കാനാണ് കൃഷിയിടത്തിന് ചുറ്റും വിഷം പുരട്ടിയ ധാന്യമണികള്‍ വിതറിയതെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് സബ് കണ്‍സര്‍വേറ്റര്‍ ഇഖ്ബാല്‍ സിംഗ് പറഞ്ഞു.
കൃഷിയിടത്ത് മയില്‍പ്പീലികള്‍ ചിതറിക്കിടക്കുന്നത് കര്‍ഷകരാണ് കണ്ടത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് 23 ഓളം ആണ്‍മയിലുകള്‍ ചത്തതായി കണ്ടത്. കൃഷിടത്തിന് സമീപം പ്രാവുകളും എലികളും ചത്തുകിടന്നിരുന്നു. ഗ്രാമീണരാണ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചത്.മയിലുകളുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനെ തുടര്‍ന്ന് വിഷം കഴിച്ചതാണ് മരണകാരണമെന്ന് വ്യക്തമായി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ദിനേശിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.