ഹൈദരാബാദ്- മതം അടിസ്ഥാനമാക്കി പൗരന്മാരെ വേര്‍ത്തിരിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന വ്യാപക ആക്ഷേപത്തിനിടെ ഇന്ത്യയിലെ എല്ലാ ജനങ്ങളും ഹിന്ദുക്കളാണെന്ന വാദവുമായി ആര്‍എസ്എസ്. രാജ്യത്തെ ഒന്നിപ്പിക്കാന്‍ 'ഹിന്ദു രീതിയില്‍' വഴി കാണാന്‍ ഹിന്ദു സമൂഹത്തിന് ശേഷിയുണ്ടെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞു. ആരാണ് ഹിന്ദു എന്നും അദ്ദേഹം വ്യാഖ്യാനിച്ചു. മതത്തിനും സംസ്‌ക്കാരത്തിനും അതീതമായി ദേശീയതയോട് കൂറുള്ള, ഭാരത സംസ്‌ക്കാരത്തേയം പൈതൃകത്തേയും ബഹുമാനിക്കുന്നവരാണ് ഹിന്ദുക്കള്‍. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണ്. ഈ മൊത്തം സമൂഹവും സംഘവും ലക്ഷ്യമിടുന്നത് ഇത്തരമൊരു ഐക്യ സമൂഹത്തേയാണ്- ഭഗവത് പറഞ്ഞു. തെലങ്കാനയിലെ ആര്‍എസ്എസിന്റെ വിജയ് സങ്കല്‍പ്പ് ശിബിര്‍ എന്ന ത്രിദിന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.