ഏറെ നാള്‍ കാത്തിരുന്ന് സ്വന്തമാക്കിയ ആഢംബര വാഹനമായ മെഴ്‌സീഡസ് ബെന്‍സിന്റെ ജി വാഗണ്‍ എസ് യു വി അടിക്കടി പണി തന്നതോടെ രോഷം തീര്‍ക്കാന്‍ റഷ്യന്‍ വ്‌ളോഗര്‍ തെരഞ്ഞെടുത്തത് വേറിട്ട മാര്‍ഗം. രണ്ടു കോടിയോളം രൂപ വില വരുന്ന ജി വാഗണ്‍ ഒരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് 1000 അടി വരെ ഉയര്‍ത്തിയ ശേഷം താഴേക്കെറിഞ്ഞ് തകര്‍ത്താണ് മൊറോസ് ഇഗോര്‍ എന്ന റഷ്യക്കാരന്‍ കലിപ്പ് തീര്‍ത്തത്. സ്വപ്‌നം കണ്ടു നടന്നിരുന്ന വാഹനമായ ജി വാഗണ്‍ 2018ലാണ് ഇഗോര്‍ വാങ്ങിയത്. അന്നു മുതല്‍ മുട്ടന്‍ പണിയാണ് കിട്ടിക്കൊണ്ടിരുന്നത്. എല്ലാ മാസവും വണ്ടി വഴിയില്‍ നില്‍ക്കും. സര്‍വീസിനായി ഷോറൂമില്‍ കൊണ്ടു പോയി മടുത്തു. ഒടുവില്‍ നന്നാക്കാന്‍ നല്‍കിയ കാര്‍ ഒരു മാസത്തോളം കെട്ടിക്കിടന്നു. അതു മാത്രമല്ല, ചില പ്രശ്‌നങ്ങള്‍ വാറന്റിയില്‍ പരിഹരിച്ചു നല്‍കാനും ഡീലര്‍ തയാറായില്ല.
ഇതോടെ കലിപ്പ് കയറിയ ഇഗോര്‍ എങ്ങനെയെങ്കിലും ഈ കാറൊന്ന് തകര്‍ക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ഒരു സുഹൃത്തുമായി ഇഗോര്‍ മറ്റൊരു കാര്യത്തില്‍ പന്തയം വച്ചത്. പന്തം തോറ്റാല്‍ തന്റെ ജി വാഗണ്‍ കോപ്റ്ററില്‍ നിന്ന് താഴേക്കെറിഞ്ഞ് തകര്‍ക്കുമെന്നായിരുന്നു ഇഗോറിന്റെ പ്രഖ്യാപനം. പന്തയം തോറ്റ ഇഗോര്‍ ഏറെ സന്തോഷത്തോടെയാണ് സ്വന്തം കാര്‍ വലിയ സംഭവമാക്കി തരിപ്പണമാക്കി കാണിച്ചുകൊടുത്തത്. താഴേ വീണ് തരിപ്പണമായ കാറിന്റെ അവശിഷ്ടങ്ങളില്‍ കയറി നിന്ന് ഇഗോറും കൂട്ടരും ആഹ്ലാദ പ്രകടനവും നടത്തി.
സംഭവം മൊത്തം വിഡിയോ പകര്‍ത്തി ഇഗോര്‍ പ്രസിദ്ദീകരിക്കുകയും ചെയ്തു. ഇതിപ്പോള്‍ വൈറലായിരിക്കുകയാണ്. സംഭവത്തില്‍ റഷ്യന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജി വാഗണിനെ കോപ്റ്റര്‍ പുല്ലു പോലെ തൂക്കിയെടുത്ത പോലെ പോലീസ് ഇഗോറിനെ തൂക്കിയെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.