Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ആശയവിനിമയ നിയന്ത്രണങ്ങളില്‍ ആശങ്കയെന്ന് ടെക് കമ്പനികളുടെ ആഗോള സംഘടന

ന്യൂയോര്‍ക്ക്- ഇന്ത്യയില്‍ വ്യാപകമായി പലയിടത്തും സ്വതന്ത്ര വിവര, വാര്‍ത്താ വിനിമയത്തിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന നടപടിയാണെന്ന് ഫെയ്ബുക്ക്, ഗൂഗ്ള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള വന്‍കിട ടെക് കമ്പനികളും മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും ഉള്‍പ്പെടുന്ന  ആഗോള സംഘടനയായ ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഇനിഷ്യേറ്റീവ് (ജിഎന്‍ഐ). തലസ്ഥാനമായി ന്യുദല്‍ഹിയിലും കര്‍ണാടക, മേഘാലയ, നാഗാലാന്‍ഡ്, യുപി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ് ആശയവിനിമയത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് എതിരൊണ് ജിഎന്‍ഐ രംഗത്തു വന്നത്. അഞ്ചാം മാസത്തിലേക്കു കടന്ന കശ്മീരിലെ ആശയവിനിമയ നിയന്ത്രണവും വലിയ ആശങ്കയുളവാക്കുന്നതാണെന്ന് ജിഎന്‍ഐ പ്രസ്താവനയില്‍ അറിയിച്ചു. സര്‍ക്കാരുകളുടെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ക്കെതിരെ ശബ്ദിക്കുകയും ജനങ്ങളുടെ സ്വകാര്യതാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള സന്നദ്ധ സംഘടനയാണ് ജിഎന്‍ഐ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പലതവണ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തല്‍ നടപടി പ്രത്യേകിച്ചും ഭീതിപ്പെടുത്തുന്നതാണ്. കാരണം ഇന്ത്യയില്‍ വ്യാപകമായിട്ടാണ് സര്‍ക്കാര്‍ ഇപ്പോല്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഓഗസ്റ്റ് അഞ്ചിു ശേഷം ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ്, ഫോണ്‍ നിയന്ത്രണങ്ങള്‍ കാരണം കശ്മീര്‍ ഇപ്പോഴും ഡിജിറ്റല്‍ അന്ധകാരത്തിലാണെന്നും ജിഎന്‍ഐ ചൂണ്ടിക്കാട്ടി. ഇത് പരിധിവിട്ട നിയന്ത്രണമാണെന്നും  ജനങ്ങളെ ഒന്നടങ്കം ശിക്ഷിക്കലാണെന്നും യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്. അതുകൊണ്ട് തന്നെ ഈ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നും ജിഎന്‍ഐ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

രാജ്യങ്ങള്‍ ആശയവിനിമയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സുതാര്യവും നിയമപരവുമായ നടപടികളിലൂടെയും വ്യക്തമായി ന്യായീകരിക്കാവുന്ന കാരണത്തിനും ആയിരിക്കണമെന്ന് രാജ്യാന്തര മനുഷ്യാവകാശ നിയമം ആവശ്യപ്പെടുന്നുണ്ട്. ബഹുജന സമരങ്ങല്‍ നടക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും  തടസ്സമില്ലാതെ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. എങ്കിലെ ജനങ്ങല്‍ക്ക് അവരുടെ ഉറ്റവരുമായി ആശയവിനിമയം നടത്താനും ആരോഗ്യ അടിയന്തര സേവനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാനും വിവരങ്ങള്‍ കൃത്യമായി കൈമാറാന്‍ മാധ്യമങ്ങള്‍ക്കും സാധിക്കൂവെന്നുമം ജിഎന്‍ഐ വ്യക്തമാക്കുന്നു.
 

Latest News