ബംഗളൂരു- മംഗളുരൂവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനു നേര്‍ക്കുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ കുടുംബത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഈ വാഗ്ദാനം പിന്‍വലിച്ചതായി മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ അറിയിച്ചു. ഡിസംബര്‍ 19നാണ് പോലീസ് വെടിവെപ്പില്‍ രണ്ടു മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ടത്. ക്രിമിനലുകള്‍ക്ക് ധനസഹായം നല്‍കുന്നത് തന്നെ ഒരു കുറ്റകൃത്യമാണെന്നതിനാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് യെഡിയൂരപ്പ പറഞ്ഞു. നേരത്തെ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പിന്‍വലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ കന്നഡ ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് യെഡിയൂരപ്പയുടെ നിലപാടു മാറ്റം. കേരളത്തില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ രാത്രിയും രാവിലേയുമായി മുഖ്യമന്ത്രി പലതവണ ഉന്നതരുമായി ചര്‍ച്ച നടത്തി. കലാപമുണ്ടാക്കിയവരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലാപം ഒരു ഗൂഢാലോചനയായിരുന്നുവെന്ന് വളരെ വ്യക്തമാണ്. പോലീസ് സ്റ്റേഷനിലെ ആയുധപ്പുരയിലേക്ക് ഇരച്ചുകയറാന്‍ ആളുകള്‍ ശ്രമിച്ചു. ആരേയും വെറുതെ വിടില്ല- യെഡിയൂരപ്പ പറഞ്ഞു.