ലഖ്നൗ- പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ആളിക്കത്തുന്ന ഉത്തര്‍പ്രദേശില്‍ പോലീസ് തന്നെ പൊതുമുതല്‍ നശിപ്പിക്കുന്ന വിഡിയോ പുറത്ത്. സമരക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നുവെന്നാണ് ബിജെപി അനുകൂലികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ആരോപിക്കുന്നത്. ഇതിനിടെയാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിഡിയോ പുറത്തു വന്നത്.
ഒരു വീടിന്റെ ടെറസില്‍ നിന്നും ചിത്രീകരിച്ച വീഡിയോയില്‍ പൊലീസ് കടകളും വാഹനങ്ങളും തകര്‍ക്കുന്നത് കാണാം. കാണ്‍പൂരിലെ ബീഗംഗഞ്ച് മേഖലയില്‍ ഡിസംബര്‍ 21ന് ചിത്രീകരിച്ച വീഡിയോ ആണിത്. നൂറോളം പൊലീസുകാര്‍ കടകളുടെ പൂട്ട് പൊളിച്ച് അകത്തു കയറി നശിപ്പിക്കുന്ന ദൃശ്യങ്ങളുമുണ്ട്.
ഇവിടെ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് പൊതുമുതല്‍ നശിപ്പിക്കുന്നത്. കടകളുടെ ഷട്ടറുകള്‍ തകര്‍ക്കുന്ന ശബ്ദം വീഡിയോയില്‍ കേള്‍ക്കാം.
പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗറില്‍ 60 കടകള്‍ സംസ്ഥാന സര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ പൊലീസ് ക്രൂരമായാണ് പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത്. 15 പേര്‍ ഇതുവരെ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. വെടിവച്ചില്ലെന്ന് പൊലീസ് തുടക്കത്തില്‍ നിലപാട് എടുത്തിരുന്നുവെങ്കിലും തെളിവുകള്‍ പുറത്ത് വന്നതോടെ സമ്മതിക്കേണ്ടിവന്നു.
പ്രതിഷേധത്തിനിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ റാംപൂരില്‍ 28 പേര്‍ക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കാണ്‍പൂര്‍ വീഡിയോ പുറത്ത് വരുന്നത്. 14.68 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. പൊതു, സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നതില്‍ പൊലീസിനും തുല്യപങ്കാളിത്തമുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.