പൂനെ- മഹാരാഷ്ട്രയിൽ 28കാരിയായ ഉഗാണ്ടക്കാരിയെ രണ്ട് പേർ ബലാൽസംഗം ചെയ്തുവെന്ന് ആരോപണം. ബൈക്കിൽ ലിഫ്റ്റ് കൊടുത്ത് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിക്ക് കൊറേഗാവ് പാർക്ക് മേഖലയിലെ ഒരു റസ്‌റ്റോറന്റിന് മുന്നിൽ നിന്ന യുവതിയെയാണ് പ്രതികൾ കൂട്ടിക്കൊണ്ട് പോയത്. ബൈക്കിലെത്തിയ ആൾ കൂട്ടുകാരനെ വിളിച്ച് വരുത്തിശേഷം ഇരുവർക്കുമിടയിൽ യുവതിയെ ഇരുത്തി ബൈക്കോടിച്ച് പോയി.
യുവതി മൊബൈൽ ഫോണിൽ വീടിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തപ്പോഴാണ് പ്രതികൾ മറ്റെവിടേക്കോ ബൈക്കോടിച്ച് പോകുന്നുവെന്ന് മനസ്സിലായത്.
യുവതി ബഹളം വച്ചുവെങ്കിലും വാഹനം നിർത്താതെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് യുവതിയെ ഉപേക്ഷിച്ച് പോകാൻ പ്രതികൾ തുനിഞ്ഞുവെങ്കിലും യുവതിയുടെ അഭ്യർത്ഥന പ്രകാരം പ്രധാന റോഡിൽ വിടാം എന്ന് സമ്മതിച്ചു. പക്ഷേ, റോഡിലേക്ക് എത്തിയപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ വന്നത് കണ്ടപ്പോൾ ബൈക്കിന്റെ ബാലൻസ് തെറ്റി വീണു. യുവതിയെ അവിടെ ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.