പട്‌ന- ബീഹാറിലെ പൂർണിയ ജില്ലയിൽ എട്ടുവയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി. പെൺകുട്ടി അയൽപക്കത്തെ വീട്ടിൽ ടിവി കാണാൻ പോയപ്പോൾ 12നും 15നും മധ്യേ പ്രായമുള്ള ആൺകുട്ടികൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. രാത്രിയായിട്ടും പെൺകുട്ടി തിരിച്ച് വരാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ തെരച്ചിൽ നടത്തി. രാവിലെ പെൺകുട്ടിയുടെ മൃതശരീരം ഒരു മുറുക്കാൻ കടയുടെ സമീപത്ത് കണ്ടെത്തി. സാമൂഹിക സമ്മർദ്ദം കാരണം പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്‌കാരം നടത്താൻ തീരുമാനിച്ചു.
എന്നാൽ പെൺകുട്ടിയെ കൊല്ലുന്നതിന് മുമ്പ് തങ്ങൾ അവളെ ബലാൽസംഗം ചെയ്തുവെന്ന് ഒരു പ്രതി കൂട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് സംഭവം പുറത്തറിഞ്ഞു. നാട്ടുകാർ ആ പ്രതിയെ പിടികൂടി മർദ്ദിച്ചു. തുടർന്ന് ഒരു പ്രതിയുടെ പേര് കൂടെ അവൻ വെളിപ്പെടുത്തി. കൂട്ടുപ്രതിയെ വീട്ടിൽ നിന്നും പിടികൂടി ധംദാഹ പൊലീസിൽ ഏൽപ്പിച്ചു. മൂന്നാമനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്. പ്രതികൾ പെൺകുട്ടിയുടെ അയൽവാസികളാണ്.