Sorry, you need to enable JavaScript to visit this website.

അച്ഛന്റെയും അമ്മയുടെയും ജനന തിയതി വേണം; എൻ.പി.ആറും നിഗൂഢമെന്ന് ആരോപണം

ന്യൂദൽഹി- ദേശീയ ജനസംഖ്യ രജിസ്റ്ററി(എൻ.പി.ആർ)ൽ അച്ഛന്റെയും അമ്മയുടെയും ജനന തിയതി ചേർക്കാനുള്ള കോളം പുതുതായി ചേർത്ത് കേന്ദ്രം. ഇതേവരെ നടന്ന എൻ.പി.ആറിൽ ഈ കോളം ഇല്ലായിരുന്നു. ഇതാദ്യമായാണ് അച്ഛന്റെയും അമ്മയുടെയും ജനന തിയ്യതി കൂടി എൻ.പി.ആറിൽ ചേർക്കാനുള്ള കേന്ദ്ര നീക്കം. എൻ.പി.ആറിന് എൻ.ആർ.സിയുമായി ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി പറയുന്നതിനെ കൂടുതൽ സംശയത്തിലേക്ക് കൊണ്ടുവരുന്നതാണ് പുതിയ കോളം. കഴിഞ്ഞ തവണത്തെ എൻ.പി.ആർ രജിസ്റ്ററിൽ പതിനഞ്ച് കോളമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി അത് 21 ആക്കിയിട്ടുണ്ട്. താമസ സ്ഥലം, പാസ്‌പോർട്ട് നമ്പർ, ആധാർ ഐ.ഡി, വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, മൊബൈൽ നമ്പർ എന്നിവയും പുതുതായി ചേർത്തിയിട്ടുണ്ട്. ഇക്കാര്യമൊന്നും കഴിഞ്ഞ തവണത്തെ എൻ.പി.ആർ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിഗൂഢമായ നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് ആരോപണം.

എല്ലാ സംസ്ഥാനങ്ങളും ജനസംഖ്യ രജിസ്‌ട്രേഷൻ നടത്തിയേ മതിയാകൂ എന്നാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നത്. കേരളവും ബംഗാളും വിജ്ഞാപനം പുറത്തിറക്കുകയും ഉദ്യോഗസ്ഥർക്ക് പരിശീലനം ആരംഭിക്കുകയും ചെയ്തതാണ്. ഇരു സംസ്ഥാനങ്ങൾക്കും സെൻസസിൽ നിന്ന് മാറിനിൽക്കാനാവില്ലെന്നാണ് ഇന്നലെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞത്. ഇരു സംസ്ഥാനങ്ങളും നടപടികൾ ഉടൻ പൂർത്തിയാക്കി തുടങ്ങുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനത്തിനും ജനസംഖ്യാ കണക്കെടുപ്പ് നിർത്തിവെയ്ക്കാൻ അധികാരമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ ജനസംഖ്യ കണക്കെടുപ്പാണ് ഇന്ത്യയിലെ സെൻസസ്. പത്തു വർഷം കൂടുമ്പോൾ നടക്കുന്ന സെൻസസിന്റെ കാലാവധി 2021ൽ പൂർത്തിയാകും. ഈ പശ്ചാത്തലത്തിലാണ് രണ്ടു ഘട്ടങ്ങളിലായി ഇപ്പോൾ സെൻസസ് നടത്താനൊരുങ്ങുന്നത്. വീടുകളുടെ കണക്കെടുപ്പ് 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയും ജനസംഖ്യ ഗണനം 2021 ഫെബ്രുവരി ഒമ്പതു മുതൽ 28 വരെയും നടക്കും. ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടിയും ഇതോടൊപ്പം നടക്കും. 
    കഴിഞ്ഞ ആറുമാസമായി ഒരു സ്ഥലത്ത് താമസിക്കുന്ന വ്യക്തിയെയോ അടുത്ത ആറുമാസത്തേക്കോ അതിലധികമോ കാലം അവിടെ താമസിക്കുന്ന വ്യക്തിയേയോ ആണ് ജനസംഖ്യാ കണക്കെടുപ്പിൽ സാധാരണ താമസക്കാരൻ ആയി കണക്കാക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും ദേശീയ പൗരത്വ രജിസ്റ്ററിൽ പേര് രേഖപ്പെടുത്തണമെന്ന് നിർബന്ധമാണ്. ജനസംഖ്യാ കണക്കെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഓഗസ്റ്റിൽ പുറത്തിറങ്ങി. ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിനായി രാജ്യവ്യാപകമായി വലിയ ക്രമീകരണങ്ങളാണ് നടന്നു വരുന്നതെന്നും  പ്രകാശ് ജാവഡേക്കർ പറഞ്ഞു. 
    2010ലെ ഡേറ്റയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ അടിസ്ഥാനം. 2011ലെ സെൻസെസിന്റെ ഭാഗമായുളള വീടുകളുടെ പട്ടികയും ഇതിനായി ഉപയോഗിക്കും. 2015ൽ വീടുകൾ തോറും സർവേ നടത്തി ഈ ഡേറ്റ പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഡിജിറ്റൽവത്കരണവും പൂർത്തിയായതായാണ് വിവരം. ഇതിന്റെ പരിഷ്‌കരണമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ഇതിന്റെ ഒപ്പം 2021ലെ സെൻസെസിന്റെ ഭാഗമായി വീടുകളുടെ പട്ടിക പരിഷ്‌കരിക്കുന്നതിനുളള നടപടികളും ആരംഭിക്കും. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുളള കാലയളവിലാണ് ഇതിനാവശ്യമായ വിവര സമാഹരണം നടക്കുക. വീടുകൾ തോറും സർവേ നടത്തിയാണ് ഡേറ്റ സമാഹരിക്കുക. അസം ഒഴികെയുളള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിലിൽ നടപടികൾ ആരംഭിക്കുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക തലം മുതൽ ദേശീയ തലം വരെ നീണ്ടുനിൽക്കുന്നതാണ്  ദേശീയ ജനസംഖ്യ രജിസ്റ്റർ പരിഷ്‌കരിക്കുന്ന നടപടി. 1955ലെ പൗരത്വ നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് നടപടികൾ സ്വീകരിക്കുക.
 

Latest News