കോയമ്പത്തൂർ- ദലിതുകൾക്കെതിരെ ഹിന്ദു മതത്തിൽ നിലനിൽക്കുന്ന അസമത്വത്തിൽ പ്രതിഷേധിച്ച് മുവായിരത്തോളം പേർ ഇസ്ലാം സ്വീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ നാടൂർ നിവാസികളും തമിഴ് പുലികൾ കക്ഷിയുമാണ് മതം മാറാൻ ഒരുങ്ങുന്നതെന്ന് നിരവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമീപത്തെ ദലിതുകളുടെ വീടുകളിൽനിന്ന് തന്റെ വീട് മറയ്ക്കാൻ വേണ്ടി ശിവസുബ്രഹ്മണ്യൻ എന്നയാൾ പണിത കൂറ്റൻ മതിൽ പൊളിഞ്ഞുവീണ് പതിനൊന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം പതിനേഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ രണ്ടിന് പുലർച്ചെയാണ് ഇരുപത് അടി ഉയരവും രണ്ടടി വീതിയും എൺപത് അടി നീളവുമുള്ള മതിൽ പൊളിഞ്ഞ് സമീപത്തെ ദലിതുകളുടെ വീടിന് മുകളിലേക്ക് വീണത്. സമീപത്തെ ധനാഢ്യനായ ടെക്‌സ്റ്റൈൽ വ്യാപാരി കൂടിയായിരുന്നു ഇയാൾ. ദലിതുകൾ തന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് പ്രവേശിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഇയാൾ മതിൽ പണിതത്. മനപൂർവ്വമല്ലാത്ത നരഹത്യയുടെ പേരിൽ ഇയാളെ തൊട്ടടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവസുബ്രഹ്മണ്യനെതിരെ രജിസ്റ്റർ ചെയ്ത കേസ് മാറ്റി എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്ന് പുലികൾ കക്ഷി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മാറ്റം വരുത്താൻ തയ്യാറായില്ല. ഇതിന് പുറമെ, കൂട്ടക്കൊലക്ക് കാരണക്കാരായ വ്യക്തിയെ ഇരുപത് ദിവസത്തിനുള്ളിൽ ജാമ്യത്തിൽ വിടുകയും ചെയ്തു. നീതി തേടി ജനാധിപത്യപരമായി പ്രതിഷേധിച്ച പുലികൾ കക്ഷി നേതാവ് തിരുവള്ളുവനെ കോയമ്പത്തൂർ ജയിലിൽ അടക്കുകയും ചെയ്തു. മതത്തിൽ ദലിതരോട് മോശമായി പെരുമാറുന്നതിന്റെ ഉദാഹരണമാണ് ഇതെല്ലാം. ഇതിൽ പ്രതിഷേധിച്ച് ജനുവരി അഞ്ചിന് മേട്ടുപാളയത്തിൽ നൂറോളം പേർ ഇസ്ലാം മതം സ്വീകരിക്കും. പിന്നീട് മറ്റു ജില്ലകളിലേക്കും മതംമാറ്റം നടക്കുമെന്ന് പുലികൾ കക്ഷി നേതാക്കൾ വ്യക്തമാക്കി.