മാഡ്രിഡ്- വാര്‍ത്തയിലെ വസ്തുത പരിശോധിക്കുകയും പുനപ്പരിശോധന നടത്തി ഉറപ്പിക്കുകയും ചെയ്യുക എന്ന മാധ്യമ പ്രവര്‍ത്തനത്തിലെ പ്രാഥമിക ജോലി സ്പാനിഷ് ചാനല്‍ റിപോര്‍ട്ടറായ നതാലിയ എസ്‌കുദെറോ ഇനിയൊരിക്കലും മറക്കില്ല. സ്‌പെയ്‌നിലെ സര്‍ക്കാര്‍ ചാനലായ ആര്‍ടിവിഇ റിപോര്‍ട്ടറായ നതാലിയ ക്രിസ്മസ് ലോട്ടറി ഫല പ്രഖ്യാപനം റിപോര്‍ട്ട് ചെയ്യവെ വലിയൊരു അമളി പിണഞ്ഞു. ലോട്ടറിയില്‍ ഒന്നാം സമ്മാനം തനിക്കു തന്നെയാണെന്ന് കരുതി ആവേശത്തില്‍ വാര്‍ത്ത ലൈവായി നല്‍കുന്നതിനിടെ ജോലിയില്‍ നിന്ന് രാജി പ്രഖ്യാപിക്കുകയാണ് നതാലിയ ചെയ്തത്. ലൈവായി തന്നെ നാളെ മുതല്‍ ജോലിക്ക് വരില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പട്ടിക പരിശോധിച്ചപ്പോള്‍ തനിക്ക് ചെറിയ തുക മാത്രമാണ് അടിച്ചതെന്നു തിരിച്ചറിഞ്ഞ നതാലിയയ്ക്ക് ഒടുവില്‍ മാപ്പപേക്ഷയിലും കണ്ണീരിലും കാര്യം ഒതുക്കേണ്ടി വന്നു. വര്‍ഷത്തില്‍ ഒരു തവണ മാത്രം നറുക്കെടുക്കുന്ന എല്‍ ഗോര്‍ദോ ലോട്ടറിയുടെ ജേതാക്കളുടെ പേരുകള്‍ക്കിടയില്‍ തന്റെ പേരും കണ്ടതാണ് നതാലിയയെ കുരുക്കിലാക്കിയത്. ഒന്നാം സമ്മാനം 40 ലക്ഷം യൂറോ ആണ്. എന്നാല്‍ നതാലിയയ്ക്ക് അടിച്ചത് വെറും 5000 യൂറോ (3.96 ലക്ഷം രൂപ). ആവേശത്തില്‍ രാജി പ്രഖ്യാപിച്ച് പിന്നീട് നാണക്കേടിലായ നതാലിയ ട്വിറ്ററിലൂടെ മാപ്പപേക്ഷ നടത്തി. വ്യക്തിപരമായി പ്രയാസത്തിലാണെന്ന സങ്കടവും പങ്കുവെച്ചു.