കാസർകോട് - മംഗളൂരുവിൽ പോലീസ് നടത്തിയ വെടിവെപ്പിനെ കുറിച്ചു ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സി.പി.എം പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ ചെറിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും പോലീസിന് വെടിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടതായി സി.പി.എം നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. മംഗളൂരുവിൽ മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, എം.പിമാരായ കെ.കെ. രാഗേഷ്, കെ. സോമപ്രസാദ്, എം.എൽ.എമാരായ എം. രാജഗോപാലൻ, കെ. കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സി.എച്ച്. കുഞ്ഞമ്പു, കെ.ആർ. ജയാനന്ദ എന്നിവർ പോയി കണ്ടു വിവരങ്ങൾ ആരാഞ്ഞു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം.പാവപ്പെട്ട കുടുംബങ്ങളുടെ ആശ്രയമാണ് വെടിവെപ്പിൽ മരണപ്പെട്ട ബങ്കരയിലെ ജലീലും കുദ്രോളിയിലെ നൗഷിനും. അവരുടെ നിരാലംബരായ ബന്ധുക്കൾക്കും സാരമായി പരിക്കേറ്റവർക്കും സർക്കാർ സഹായം നൽകണം. കേരളത്തിൽ നിന്നുള്ളവരാണ് അക്രമം നടത്തിയതെന്ന കർണാടക പോലീസിന്റെ പ്രചാരണം തീർത്തും തെറ്റാണ്. മരിച്ചവരിലും പരിക്കേറ്റവരിലും ഒരു മലയാളി പോലുമില്ല. സംഭവം റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ നിന്ന് പോയ മാധ്യമ പ്രവർത്തകരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച പോലീസുകാർക്കെതിരെയും നടപടി വേണം. ഇക്കാര്യങ്ങൾ പാർലമെന്റിന്റെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് നേതാക്കൾ പറഞ്ഞു. കേരളവും കർണാടകയും പരസ്പരം സഹകരിച്ചു കഴിയുന്നവരാണ്. മംഗളൂരുവുമായി മലയാളികൾക്ക് അടുത്ത ബന്ധമുണ്ട്. അതിൽ ഭിന്നിപ്പുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളെയും നേതാക്കൾ അപലപിച്ചു.
ആശുപത്രിയിൽ കഴിയുന്ന പത്തോളം പേരെ കാണുകയുണ്ടായെന്ന് പി. കരുണാകരൻ പറഞ്ഞു. മുൻ മേയർ അടക്കം പരിക്കേറ്റവരിലുണ്ട്. അതിൽ ഒരാളു പോലും സംഘർഷത്തിന് പോയിട്ടില്ല. പ്രതിഷേധത്തിൽ പോലും പങ്കെടുത്തിരുന്നില്ല. പലരുടെയും പിന്നിൽ നിന്നാണ് വെടിയേറ്റത്. നടന്നുപോകുന്നവരെ പോലീസ് വെടിവെച്ചിടുകയാണെന്നാണ് ഇത് തെളിയിക്കുന്നത്. ഒരു വിദ്യാർഥിയുടെ കരൾ പിറന്നാണ് വെടിയുണ്ട കയറിയത്.
പോലീസ് വെടിവെച്ച പ്രതിഷേധത്തിൽ 150 ഓളം പേരാണ് പങ്കെടുത്തത്. അവരെ അറസ്റ്റ് ചെയ്തു നീക്കാൻ കഴിയുമായിരുന്നു. ആശുപത്രികൾക്ക് നേരെയും പോലീസ് അതിക്രമം ഉണ്ടായി. വെടിവെപ്പിന് മുന്നോടിയായുള്ള നടപടികളൊന്നും പോലീസ് പൂർത്തിയാക്കിയിരുന്നില്ല. പോലീസ് സ്‌റ്റേഷൻ ആക്രമിച്ചുവെന്ന പ്രചാരണത്തിലും കഴമ്പില്ലെന്ന് സോമപ്രസാദ് എം.പി പറഞ്ഞു. കേരളത്തിൽ നിന്നുള്ള വിദ്യാർഥികളാണ് അക്രമത്തിന് പിന്നിലെന്ന കർണാടക മന്ത്രിയുടെ പ്രസ്താവനയും അടിസ്ഥാനമില്ലാത്തതാണ് -അദ്ദേഹം പറഞ്ഞു.