മദീന- 1990 മുതൽ ആരംഭിച്ച സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയ തുടരുകയാണെന്നും അടുത്ത മാസങ്ങളിൽ രണ്ട് ശസ്ത്രക്രിയകൾ കൂടി നടക്കുമെന്നും മുൻ ആരോഗ്യ മന്ത്രിയും സയാമീസ് ശസ്ത്രക്രിയാ വിദഗ്ധനും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅ അറിയിച്ചു. ഇതിനകം 21 രാജ്യങ്ങളിൽ നിന്നായി 108 കേസുകൾ കൈകാര്യം ചെയ്തു. 48 ഇരട്ടകളെ വേർപെടുത്തുകയും ചെയ്തു. മദീനയിൽ അൽഅംരിയ കൾച്ചറൽ ഫോറം നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഡാനിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ശസ്ത്രക്രിയയിലാണ് ഞാൻ ആദ്യമായി പങ്കെടുത്തത്. അന്നു രൂപീകരിച്ച ഡോക്ടർമാരുടെ സമിതിയിൽ ഞാൻ മാത്രമാണ് സൗദി പൗരനായി ഉണ്ടായിരുന്നത്.
18 മണിക്കൂർ നീണ്ടുനിന്ന അന്നത്തെ ശസ്ത്രക്രിയ വിജയകരമായി പര്യവസാനിച്ചപ്പോൾ ഫഹദ് രാജാവ് അഭിനന്ദിച്ചിരുന്നു. ചില ശസ്ത്രക്രിയക്ക് എഴുപതോളം ഡോക്ടർമാരടങ്ങുന്ന സംഘം ഉണ്ടാവാറുണ്ട്. മലേഷ്യൻ ഇരട്ടകളെ വേർപെടുത്തിയ ശസ്ത്രക്രിയയായിരുന്നു ഏറ്റവുമധികം സങ്കീർണമായിരുന്നത്. മദീനയിലെ തൈ്വബ യൂനിവേഴ്‌സിറ്റിയിലെ മെഡിക്കൽ കോളേജിലെ മെഡിക്കൽ സംഘം സയാമീസ് ഇരട്ട വേർപെടുത്തൽ ശസ്ത്രക്രിയകളിൽ പങ്കെടുക്കുന്നുണ്ട്. ഇത് അഭിനന്ദനാർഹമാണ് -അദ്ദേഹം പറഞ്ഞു. ഫോറം ഡയറക്ടർ ഡോ. ഫൈസൽ ബിൻ ഉമർ അൽ നാസർ അധ്യക്ഷത വഹിച്ചു.