Sorry, you need to enable JavaScript to visit this website.

ഇന്ത്യയും സൗദി അറേബ്യയും ടൂറിസം മേഖലയിൽ സഹകരിക്കും

മന്ത്രിസഭാ യോഗത്തിൽ സൽമാൻ രാജാവ് സംസാരിക്കുന്നു.
  • സാമ്പത്തിക പരിഷ്‌കരണങ്ങൾ തുടരും -സൽമാൻ രാജാവ്

റിയാദ്- സാമ്പത്തിക പരിഷ്‌കാരങ്ങൾ തുടരുമെന്നും ബജറ്റ് പ്രകാരമുള്ള സാമൂഹിക, വികസന പദ്ധതികൾ നടപ്പാക്കാൻ മന്ത്രിമാരും ബന്ധപ്പെട്ടവരും തയാറാകണമെന്നും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചു. 
യെമാമ കൊട്ടാരത്തിൽ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
മുസ്‌ലിം രാജ്യങ്ങളിൽ മുസ്‌ലിം സമൂഹത്തിന്റെ പ്രതീക്ഷകൾ സഫലീകരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ. അതിന് ആസ്ഥാന മന്ദിരം നൽകി സൗദി അതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നുണ്ട്. ജി.സി.സി സൈനിക ആസ്ഥാനം റിയാദിൽ സ്ഥാപിക്കാനുള്ള തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.
സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സൗദി സ്‌പേസ് ഏജൻസിയുടെയും ഘടനക്ക് മന്ത്രിസഭ അംഗീകാരം നൽകി. 
സുലൈമാൻ അൽറാജ്ഹി കോളേജസിന്റെ പേർ സുലൈമാൻ അൽറാജ്ഹി യൂനിവേഴ്‌സിറ്റി എന്നാക്കിയതും അംഗീകരിച്ചു.
മൂല്യവർധിത നികുതി സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ നികുതി തർക്ക പരിഹാര സമിതിയിലേക്ക് പരാതി നൽകാവുന്ന വിധത്തിൽ ടാക്‌സ് നിയമാവലിയിൽ വരുത്തിയ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സൗദി സ്‌പേസ് ഏജൻസിയിൽ ഡോ. തുർക്കി ബിൻ സൗദ് മുഹമ്മദ് ആൽസൗദ് രാജകുമാരൻ, ഡോ. മുഹമ്മദ് ബിൻ ഇബ്രാഹീം, റാനിയ മഹ്മൂദ് നശ്ശാർ എന്നിവരെ അംഗങ്ങളായി നിയമിച്ചു.
ഇന്ത്യൻ ടൂറിസം മന്ത്രാലയവും സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജും തമ്മിൽ ടൂറിസം രംഗത്തെ പരസ്പര സഹകരണത്തിന് നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി. സൗദി കമ്മീഷൻ ഫോർ ടൂറിസം പ്രസിഡന്റ് അഹമ്മദ് അൽഖത്തീബ് ആണ് ഇതു സംബന്ധിച്ച പ്രമേയം മന്ത്രിസഭയിൽ അവതരിപ്പിച്ചത്. 

 

 

Latest News