ന്യൂദൽഹി- ദേശവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. എൻ.ആർ.സി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാക്കുകളാണ് സത്യമെന്നും അമിത് ഷാ വ്യക്തമാക്കി. എൻ.ആർ.സി നടപ്പാക്കുന്നത് സംബന്ധിച്ച് ഇതേവരെ ചർച്ച നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. രണ്ടു ദിവസത്തിന് ശേഷമാണ് അമിത് ഷാ ഇക്കാര്യത്തിൽ അമിത് ഷാ വിശദീകരണവുമായി രംഗത്തെത്തിയത്. നാഷണൽ പോപ്പുലർ രജിസ്റ്റർ(എൻ.പി.ആർ) നടപ്പാക്കാൻ കേരളവും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങൾ തയ്യാറാകണമെന്നും ഇത് പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ളതാണെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിൽനിന്ന് തിരിച്ചുനടക്കുന്നത് അതാത് സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്ത് നിരവധി സംസ്ഥാനങ്ങൾ എൻ.ആർ.സി നടപ്പാക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇക്കാര്യത്തിൽ അമിത് ഷാ മലക്കം മറിഞ്ഞത്. എൻ.ആർ.സി ദേശവ്യാപകമായി നടപ്പാക്കുമെന്ന് അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.