> കേരളത്തിലും ബംഗാളിലും നേരത്തെ നിർത്തിവച്ചിരുന്നു
ന്യൂദല്‍ഹി- ദേശീയ പൗരത്വ പട്ടികയ്ക്കും (എന്‍സിആര്‍) പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ജനസംഖ്യാ കണക്കെടുക്കുമായി ബന്ധപ്പെട്ടതാണ് പൗരത്വ രജിസ്റ്റര്‍. രാജ്യത്തെ 'സാധാരണ താമസക്കാരായ' എല്ലാവരുടേയും സ്വത്വം തിരിച്ചറിയുന്ന സമഗ്രമായ ഒരു വിവര ശേഖരമുണ്ടാക്കാനാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍പിആര്‍) തയാറാക്കുന്നതെന്ന് സെന്‍സസ് കമ്മീഷന്‍ പറയുന്നു. എല്ലാ ജനങ്ങളുടേയു ജനസംഖ്യാപരമായ വിവരങ്ങളും ബയോമെട്രിക് വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഈ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുന്നത്.
2020 ഏപ്രിലിനു സെപ്തംബറിനുമിടയില്‍ അസം ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നത്. അസമില്‍ നേരത്തെ തന്നെ പൗരത്വ പട്ടിക തയാറാക്കി വലിയൊരു വിഭാഗത്തെ അനധികൃത കുടിയേറ്റക്കാരായി സര്‍ക്കാര്‍ മുദ്രകുത്തിയിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററിനു വേണ്ടിയുള്ള ആദ്യ വിവര ശേഖരണം തുടങ്ങിയത് രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരിച്ച 2010ലാണ്. 2011 സെന്‍സസ് പാര്‍പ്പിട പട്ടിക തയാറാക്കുന്നതിനിടെ ആയിരുന്നു ഇത്.
വിവേചനപരവും മുസ്ലിം മത വിഭാഗത്തെ മാത്രം വേര്‍ത്തിരിക്കുന്നതുമായ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) തയാറാക്കുന്നതിനുള്ള പ്രാഥമിക വിവരശേഖരമായാണ് പൗരത്വ രജിസ്റ്ററിനെ വിലയിരുത്തപ്പെടുന്നത്. എന്‍ആര്‍സിക്ക് ആധാരമാക്കുന്നതും എന്‍പിആര്‍ ആണ്. ഇതാണ് രാജ്യത്ത് ഇപ്പോള്‍ നടന്നുവരുന്ന പ്രതിഷേധങ്ങളുടെ മൂല കാരണം. പ്രക്ഷോഭം കനത്തതോടെ എന്‍പിആര്‍ തയാറാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കേരളവും പശ്ചിമ ബംഗാളും നിര്‍ത്തിവച്ചിരുന്നു.
എന്‍പിആറിനു വേണ്ടി സാധാരണ താമസക്കാരുടെ വിവരങ്ങളാണ് ശേഖരിക്കുക. രാജ്യത്ത് ചുരുങ്ങിയത് ആറു മാസമോ അതില്‍ കൂടുതലോ കാലമായി താമസിക്കുന്നവരും താമസക്കിന്‍ ഉദ്ദേസിക്കുന്നവരേയുമാാണ് സാധാരണ താമസക്കാരായി കണക്കാക്കുന്നത്. എല്ലാ സാധാരണ താമസക്കാരും നിര്‍ബന്ധമായും ദേശീയ പൗരത്വ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് ചട്ടം.
എന്‍പിആര്‍ പുതുക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. എന്‍പിആറില്‍ പേര് ചേര്‍ക്കുന്നതിന് ആരും തെളിവുകള്‍ നല്‍കേണ്ടതില്ല. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരേയും ഇതിലുള്‍പ്പെടുത്തും- കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
സെന്‍സസുമായി ബന്ധപ്പെടുത്തിയതു കാരണം എന്‍പിആറിനെ ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നതിനുള്ള ആദ്യപടി ആയാണ് കാണുന്നത്. ദേശീയ പൗരത്വ പട്ടിക തയാറാക്കുമെന്ന സൂചനകളും ഉറപ്പുകളുമൊന്നും എന്‍പിആറില്‍ ഇല്ലെങ്കിലും ദേശീയ പൗരത്വ പട്ടിക തയാറാക്കാനുള്ള എല്ലാ വഴികളും എന്‍പിആര്‍ തുറന്നു നല്‍കുന്നുണ്ട്. ഈ ആശങ്ക ഉയര്‍ത്തിക്കാട്ടിയാണ് സമരങ്ങള്‍ നടന്നു വരുന്നുണ്ട്.